പെരിന്തൽമണ്ണ∙ ട്രാൻസ്‌ജെൻഡറുകൾ നടത്തുന്ന മൊബൈൽ തട്ടുകടയിൽ കയറി അതിക്രമം കാട്ടിയ ആളെ പിടികൂടാത്തതിലും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അധിഷേപിച്ചതിലും നടപടി ആവശ്യപ്പെട്ട് പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനു മുന്നിൽ കുത്തിയിരുന്ന് ട്രാൻസ്‌ജെൻഡർമാരുടെ പ്രതിഷേധം. കട നടത്തുന്നവർ ഉൾപ്പെടെ പത്തോളം ട്രാൻസ്‌ജെൻഡർമാരാണ് ഇന്നലെ രാവിലെ പൊലീസ് സ്‌റ്റേഷനിലെത്തിയത്. കോടതി ഡ്യൂട്ടിയിലായതിനാൽ ഈ സമയം സിഐ സ്‍ഥലത്തില്ലായിരുന്നു.
ഇതോടെ ഇവർ സ്‌റ്റേഷൻ കവാടത്തിനു മുന്നിലിരുന്നു. 4 മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ, പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് ഉറപ്പു നൽകുകയും അധിഷേപിച്ചെന്നു പറയുന്ന പൊലീസ് ഉദ്യോഗസ്ഥൻ മാപ്പു പറയുകയും ചെയ്‌തതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. 22ന് വൈകിട്ട് നാലോടെയാണ് അങ്ങാടിപ്പുറത്തെ ഇവരുടെ തട്ടുകടയിൽ പ്രശ്‌നമുണ്ടായത്. സ്വകാര്യ ഓട്ടോറിക്ഷയിൽ എത്തിയ ആൾ നടത്തിപ്പുക്കാരെ അധിഷേപിക്കുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്‌തതായാണ് പരാതി.
കട നടത്തിപ്പുകാരിയായ ട്രാൻസ്‌ജെൻഡറെ കയ്യേറ്റം ചെയ്‌തതായും പറയുന്നു. സമീപത്ത് ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയെങ്കിലും തങ്ങളോട് തട്ടിക്കയറുകയും അധിഷേപിക്കുകയും ചെയ്‌ത് പ്രശ്‌നമുണ്ടാക്കിയ ആൾക്ക് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയെന്നാണ് ഇവർ പറയുന്നത്. ഇന്നലെ ഇവരുടെ വിഡിയോ ദൃശ്യം ഒരാൾ പകർത്താൻ ശ്രമിച്ചതും ബഹളത്തിനിടയാക്കി. കാറിലെത്തിയ ഇയാളെ പൊലീസ് പിടികൂടി സ്‌റ്റേഷനിലേക്ക് മാറ്റി. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ട്രാൻസ്‌ജെൻഡറുകൾ ഒന്നിച്ച് പൊലീസ് സ്‌റ്റേഷനകത്തു പ്രതിഷേധിച്ചു. പരാതി ലഭിച്ചാൽ ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.