എടപ്പാൾ: കോടതിയിലേക്ക് ഇറങ്ങിയ അഭിഭാഷകൻ ശിവരാമൻ കോട്ടൂരിവെച്ച് റോഡിൽ പ്രതിഷേധിച്ചതിന് ഫലം കണ്ടു. നരിപ്പറമ്പ് അങ്ങാടിയിലെ കുഴി താൽക്കാലികമായി അടച്ചു.
വ്യാഴാഴ്ച രാവിലെയാണ് പൊന്നാനിയിലെ വീട്ടിൽനിന്നും തിരൂർ മംഗലത്ത് കോടതിയിലേക്ക് വരുന്ന വഴി കാലടി നരിപ്പറമ്പ് അങ്ങാടിയിലെ റോഡിൽ കുളത്തിന് സമാനമായ കുഴി കെ.പി.സി.സി അംഗം കൂടിയായ അഡ്വ. കെ. ശിവരാമന്റെ ശ്രദ്ധയിൽപ്പെട്ടത്. തന്റെ വാഹനം റോഡോരത്ത് ഒതുക്കി നരിപ്പറമ്പ് അങ്ങാടിയിലെ ഓട്ടോ തൊഴിലാളികളെയും കൂട്ടി റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചതോടെയാണ് നടപടി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച കുഴികൾ താൽക്കാലികമായി അടച്ചു.
എന്നാൽ, റോഡിൽ സ്ഥിരം സംവിധാനത്തോടെ നവീകരണം നടത്തണമെന്നാണ് ശിവരാമൻ ആവശ്യപ്പെടുന്നത്. വർഷങ്ങളായി നരിപ്പറമ്പ് അങ്ങാടിയിലെ അവസ്ഥ ഇതാണ്. ഒരു മഴ പെയ്താൽ വലിയ കുളത്തിന് സമാനമായി റോഡിലെ ഗർത്തത്തിൽ വെള്ളം കെട്ടിനിൽക്കുകയാണ്. റോഡാണെന്ന് തെറ്റിദ്ധരിച്ച് നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി അപകടത്തിൽ ചാടുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും. ചമ്രവട്ടം പാലം വഴി പോകുന്ന ദീർഘദൂര യാത്രക്കാരും ആശ്രയിക്കുന്ന റോഡാണിത്.