പെരിന്തൽമണ്ണ: അധ്യാപികയായും നഗരസഭ അധ്യക്ഷയായും പ്രവർത്തിച്ച് ഇപ്പോൾ മലബാർ ദേവസ്വം ബോർഡ് അംഗമായി തുടരുന്ന സുധാകുമാരി ടീച്ചർ ആഗ്രഹം സഫലമാക്കി ഭരതനാട്യം പഠിച്ച് അരങ്ങേറ്റവും നടത്തിയ നിർവൃതിയിലാണ്. കുഞ്ഞുനാളിൽ തൊട്ടേ മനസ്സിൽ കൊണ്ടുനടന്ന നടന മോഹമാണിതെന്നാണ് അവർ പറയുന്നത്. പ്രായം അറുപതിലെത്തിയെങ്കിലും കഴിഞ്ഞ രണ്ടുവർഷമായി നടത്തിയ പഠനവും പരിശീലനവും കൊണ്ട് ഭരതനാട്യം അവർക്കും വഴങ്ങി.
അങ്ങാടിപ്പുറം ശ്രീതിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചായിരുന്നു അരങ്ങേറ്റം. നവരാത്രി മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്തതും മലബാർ ദേവസ്വം ബോർഡ് അംഗമെന്ന നിലയിൽ സുധാകുമാരിയാണ്. ഉദ്ഘാടനം നടത്തി അതേ വേദിയിൽ ഭരതനാട്യവും അവതരിപ്പിച്ചു.
2020 മേയിലാണ് കുന്നപ്പള്ളി എ.എം.യു.പി സ്കൂളിൽനിന്ന് പ്രഥമ അധ്യാപികയായി വിരമിച്ചത്. അതിന് മുമ്പ് പെരിന്തൽമണ്ണ നഗരസഭ ചെയർപേഴ്സനായിരുന്ന അവർ മൂന്നുതവണ പെരിന്തൽമണ്ണ നഗരസഭ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശിനിയായ അവർ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ‘ഷെൽട്ടറി’ ന്റെ പെരിന്തൽമണ്ണ സബ് ജില്ല കൺവീനറായും ജില്ല കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നണ്ട്.
ഷിബു മേലാറ്റൂരാണ് നൃത്താധ്യാപകൻ. പഠനം കഴിഞ്ഞിട്ടില്ലെന്നും തുടരുന്നുണ്ടെന്നും സുധാകുമാരി പറയുന്നു. കുന്നപ്പള്ളി എ.എം.യു.പി സ്കൂളിലെ പ്രഥമ അധ്യാപകനായി വിരമിച്ച അജയകുമാറാണ് ഭർത്താവ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണ് നൃത്തം അരങ്ങേറ്റം നടത്താവുന്ന വിധം പഠിച്ചെടുത്തതെന്ന് അവർ പറയുന്നു.