എടക്കര: നഴ്സിങ് വിസ വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ ഒരാള്‍ പൊലീസിന്റെ പിടിയില്‍. തൃശൂര്‍ തിരുവില്വാമല സ്വദേശി കലാനി വീട്ടില്‍ കെ.ആര്. രഞ്ജിത്തിനെയാണ് (40) എടക്കര പൊലീസ് അറസ്റ്റുചെയ്തത്.
ജൂണില്‍ എടക്കര, വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളിലെ നഴ്സുമാരുടെ വാട്സ്ആപ് കൂട്ടായ്മയില്‍ നഴ്സിങ് വിസ വാഗ്ദാനംചെയ്ത് 34 ആളുകളില്‍നിന്ന് 11 ലക്ഷത്തോളം രൂപ വാങ്ങി വിസയോ പണമോ നല്‍കാതെ മുങ്ങിയെന്ന കേസിലാണ് നടപടി. നഴ്സിങ് വിസക്ക് സമീപിച്ച ചുങ്കത്തറ സ്വദേശിനിയെ വിസ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചശേഷം കൂടുതല്‍ വിസയുണ്ടെന്നും അതിലേക്ക് കൂടുതല്‍ ആളുകളെ വേണമെന്നും പറഞ്ഞ് 34 ആളുകളില്‍നിന്ന് പണം വാങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്ത് തൃശൂരില്‍ പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, എസ്.ഐ പി. ജയകൃഷ്ണന്, എ.എസ്.ഐമാരായ ഷാജഹാന്, അബ്രഹാം, എസ്.സി.പി.ഒ സാബിറലി, സി.പി.ഒ ഷാഫി, നജ്മുദ്ദീന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.