വേങ്ങര: ദേശീയപാത വികസന ഭാഗമായി കൊളപ്പുറത്ത് സംസ്ഥാനപാത തടസ്സപ്പെട്ട സംഭവത്തിൽ ഹൈകോടതിയിൽ നടക്കുന്ന കേസിൽ എ.ആർ നഗർ പഞ്ചായത്ത് കക്ഷി ചേർന്നു. കൊളപ്പുറത്ത് ദേശീയപാത വികസന ഭാഗമായി അശാസ്ത്രീയമായി നിർമിച്ച പാലമാണ് അരീക്കോട്-പരപ്പനങ്ങാടി സംസ്ഥാന പാതയിലെ തടസ്സത്തിനിടയാക്കിയത്. ഇതോടെ താഴെ കൊളപ്പുറത്തുകാർ ഒറ്റപ്പെടുകയും കൊളപ്പുറം ഗവ. ഹൈസ്കൂൾ വിദ്യാർഥികളുടെതടക്കം യാത്ര തടസ്സപ്പെടുകയും ചെയ്തിരുന്നു. ഈ പ്രശ്നം ഉയർത്തിക്കാട്ടി കൊളപ്പുറം ദേശീയപാത സമരസമിതി ഒരു വർഷമായി സമരത്തിലാണ്.
സമരസമിതി ഹൈകോടതിയെ സമീപിച്ചതോടെ ഹൈവേ നിർമാണം കോടതി തടഞ്ഞു. കഴിഞ്ഞമാസം കൊളപ്പുറത്തെ മേൽ പാലത്തിലൂടെ ഗതാഗതം വഴിതിരിച്ചുവിട്ട് ഇരു ഭാഗത്തേക്കും ഗതാഗത സൗകര്യം ഉണ്ടെന്ന് സത്യവാങ് മൂലം നൽകി ദേശീയപാത അധികൃതർ കോടതിയിൽ നിന്നും നിർമാണത്തിന് അനുമതി നേടുകയായിരുന്നു. ഒരു വാഹനത്തിനുമാത്രം കടന്നുപോകാവുന്ന റോഡിലൂടെയാണ് ഇപ്പോൾ ഇരുഭാഗത്തേക്കും വാഹനങ്ങൾ ഞെങ്ങിഞെരുങ്ങി കടന്നുപോകുന്നത്. രണ്ട് ഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്നുപോകാൻ റോഡിനു വീതിയുണ്ടെന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടുത്തെ ഇടുങ്ങിയ റോഡിൽ പുതിയ പരിഷ്കാരം നടപ്പാക്കിയതെന്നു സമരസമിതി നേതാക്കൾ പറയുന്നു.
രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇത് ഇടയാക്കുകയും ചെയ്തു. ഈ പ്രയാസം പരിഹരിക്കാൻ ദേശീയപാതക്ക് കുറുകെ മേൽപാലം അനുവദിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. നിലവിലുള്ള സംസ്ഥാനപാതയിൽ മേൽപാലം ആവശ്യപ്പെട്ട് കോടതിയിലുള്ള കേസിലാണ് എ.ആർ നഗർ പഞ്ചായത്ത് ഭരണസമിതി കക്ഷിചേർന്നത്. പ്രദേശവാസികൾ ഈ ആവശ്യം ഉയർത്തിക്കാട്ടി പഞ്ചായത്തിൽ നൽകിയ പരാതികൾ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുൽ റഷീദ് ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.