പൊന്നാനി: കോവിഡ് കാലത്ത് പൊന്നാനിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലേക്ക് നഗരസഭ വാങ്ങിയ കട്ടിലുകളുൾപ്പെടെ തുരുമ്പെടുത്ത് നശിക്കുന്നു. കോവിഡ് ട്രീറ്റ്മെൻറിന്റെ ഭാഗമായി വാങ്ങിയ 35 ഫോൾഡിങ് കട്ടിലുകലാണ് പഴയ നഗരസഭ കാര്യാലയത്തിന് മുകളിൽ കൂട്ടിയിട്ടിരിക്കുന്നത്. ലക്ഷങ്ങളുടെ ഉപകരണങ്ങളാണ് നശിക്കുന്നത്. കട്ടിൽ തുരുമ്പെടുത്ത് ഉപയോഗ യോഗ്യമല്ലാതായി. ഏതാനും കട്ടിലുകൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇത്തവണ ഉപയോഗിക്കാൻ കൊണ്ടുപോയതൊഴിച്ചാൽ ബാക്കിയെല്ലാം അധികൃതർ പാഴാക്കിക്കളഞ്ഞു.
കട്ടിലും അനുബന്ധ സാധനങ്ങളുമെല്ലാം വാങ്ങിയത് ആരോഗ്യ വകുപ്പാണ്. നഗരസഭ ഈ ഇനങ്ങളിൽ പണം ചെലവഴിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കോവിഡ് കാലത്തെ ഉപയോഗം കഴിഞ്ഞപ്പോൾ ഇത്തരം ഉപകരണങ്ങളെല്ലാം നഗരസഭ കാര്യാലയത്തിന് മുകളിൽ കൊണ്ടുവന്ന് കൂട്ടിയിടുകയായിരുന്നു. പാത്രങ്ങൾ മിക്കതും ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ കറ വീണും തുരുമ്പെടുത്തും കിടക്കുകയാണ്. അക്കാലത്തെ ഫയലുകളും കുന്നുകൂട്ടിയിട്ടിട്ടുണ്ട്.
പല രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഉപകരണങ്ങളാണ് കെട്ടിടത്തിന് മുകളിൽ കൊണ്ടുവന്ന് കൂട്ടിയിട്ട് നശിപ്പിക്കുന്നത്. ജില്ല മെഡിക്കൽ സംഘം യാതൊരു ഗൗരവവും കാണിക്കാതെയാണ് മടങ്ങിയതെന്നാണ് ആരോപണം. ലക്ഷങ്ങളുടെ ഉപകരണങ്ങൾ നശിപ്പിക്കുന്നതിൽ കടുത്ത പ്രതിഷേധമാണുയരുന്നത്. കോവിഡ് കാലത്തെ ഉപകരണങ്ങൾ വാങ്ങിച്ചതിലും തുടർ നടപടികളിലും അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.