അരീക്കോട്: അനധികൃത മണൽകടത്ത് തടയുന്നതിനിടയിൽ മുൻ ഏറനാട് തഹസിൽദാരെ ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി 15 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. കോഴിക്കോട് പെരിങ്ങളം സ്വദേശി പുള്ളത്ത് കണ്ടി നൗഫലി(45)നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2007 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പത്തനാപുരം പള്ളിപ്പടിയിൽ വെച്ച് മണലുമായി പോകുന്ന ലോറി പിടികൂടാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ലോറിയിടിച്ച് തഹസിൽദാരെയും കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. 15 വർഷങ്ങൾക്ക് ശേഷം പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ബാലുശ്ശേരിയിൽ വെച്ച് പ്രതിയെ വെള്ളിയാഴ്ച പിടികൂടിയത്.
നിലവിലുള്ള അഡ്രസ് മാറ്റി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. കേസിലെ ഒന്നാം പ്രതി വിചാരണ വേളയിൽ കോടതിയിൽ ഹാജരായിരുന്നു. എന്നാൽ രണ്ടാം പ്രതിയായ നൗഫൽ ഒളിവിൽ പോവുകയായിരുന്നു. കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്റഫിന്റെ നേതൃത്വത്തിൽ അരീക്കോട് എസ്.എച്ച്.ഒ എം. അബ്ബാസ് അലിയും സ്പെഷൽ സ്ക്വാഡ് ടീം അംഗങ്ങളും ചേർന്നാണ് ഇയാളെ വലയിലാക്കിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.