പൊന്നാനി: പൊന്നാനിയിൽ ഒരു കുടുംബത്തിലെ രണ്ട് പേർക്ക് മലമ്പനി സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പൊന്നാനി താലൂക്കാശുപത്രിയിലെ ലാബ് പരിശോധനയിൽ തെറ്റായ വിവരം നൽകിയതിനെത്തുടർന്നെന്ന് തെളിഞ്ഞു. ഇരുവരും തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റിവാണെന്ന് കണ്ടെത്തിയത്. പൊന്നാനി നഗരസഭ വാർഡ് അഞ്ചിലെ ഒരു വീട്ടിലെ സഹോദരങ്ങൾക്കാണ് മലമ്പനിയുണ്ടെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് പുറത്തുവന്നിരുന്നത്. ഈ മാസം 11ന് പനി ബാധിച്ച് യുവതി താലൂക്കാശുപത്രിയിലെത്തിയപ്പോഴാണ് ലാബിൽ നടത്തിയ പരിശോധനയിൽ മലമ്പനി പോസിറ്റിവെന്ന് കണ്ടെത്തിയത്. കൂടുതൽ പരിശോധനക്കായി ശനിയാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധന ഫലം തിങ്കളാഴ്ച ലഭിച്ചപ്പോഴാണ് മലമ്പനി നെഗറ്റിവാണെന്ന് കണ്ടെത്തിയത്. ഇതിനിടെ വീട്ടിലെ മറ്റൊരംഗത്തിനും പനി ബാധിച്ച് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലും മലമ്പനി കണ്ടെത്തി. ഇവരെയും മെഡിക്കൽ കോളജിലെത്തിച്ച് പരിശോധിച്ചപ്പോൾ റിസൽട്ട് നെഗറ്റിവായി.
താലൂക്കാശുപത്രിയിലെ ലാബിൽനിന്നുള്ള വീഴ്ചമൂലം ഒരാഴ്ചയോളമാണ് യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയേണ്ടിവന്നത്. മലമ്പനിയുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പൊന്നാനി കേന്ദ്രീകരിച്ച് ദിവസങ്ങളോളം പരിശോധനയും മറ്റും നടത്തി. ഇല്ലാത്ത മലമ്പനിയുടെ പേരിൽ കുടുംബത്തിന് വൻ സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദവുമാണ് അനുഭവിക്കേണ്ടിവന്നത്.