കൊണ്ടോട്ടി: ‘പടച്ചവന് സ്തുതി; എല്ലാം റാഹത്തായി’- ഹജ്ജ് കർമം നിര്‍വഹിച്ച് തിരിച്ചെത്തിയ കല്ലായി സ്വദേശി സാങ്കിന്റകം സുബൈദയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരില്‍ തിരിച്ചെത്തിയ ആദ്യ സംഘത്തിലെ പ്രായംകൂടിയ ഹജ്ജുമ്മയാണ് 72കാരിയായ സുബൈദ. മകന് മൂസ നഹാസ്, മകള്‍ കുഞ്ഞൂബി, മരുമകള്‍ ഖദീജ എന്നിവര്‍ക്കൊപ്പമായിരുന്നു സുബൈദയുടെ യാത്ര.
കാലിന് ശസ്ത്രക്രിയ ചെയ്തതിനാല്‍ നടക്കാന്‍ പ്രയാസമനുഭവിക്കുന്ന ഇവര്‍ ചക്രക്കസേരയിലാണ് പുണ്യഭൂമിയിലെത്തിയത്. ഭര്‍ത്താവ് പരേതനായ മാമുക്കോയക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. മക്കയില്‍ എത്തിയത് മുതല്‍ ഹജ്ജിന്റെ ഓരോ ഘട്ടവും മനമുരുകിയ പ്രാര്‍ഥനയോടെ പൂര്‍ത്തിയാക്കാനായതിന്റെ സന്തോഷം പ്രായാധിക്യത്തിലും അവരുടെ കണ്ണുകളില്‍ തിളങ്ങി.
സഹായവുമായി കൂടെയുണ്ടായിരുന്ന വളന്റിയര്‍മാരുടെ കരുതലും സഹതീര്ഥാടകരുടെയും മക്കളുടെയും സ്നേഹവും അല്ലലില്ലാതെ തീര്‍ഥാടനം നിര്‍വഹിക്കാന്‍ സഹായിച്ചെന്ന് സുബൈദ ഹജ്ജുമ്മ പറഞ്ഞു. കനത്ത ചൂടില്‍ കല്ലെറിയല്‍ കര്‍മത്തിലടക്കം നേരിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായതൊഴിച്ചാല് മറ്റു പ്രയാസങ്ങളൊന്നുമുണ്ടായില്ല.