കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ സുരക്ഷ മേഖലയായ ”റെസ” വിപുലീകരിക്കുന്നതോടെ ഇല്ലാതാകുന്ന ക്രോസ് റോഡിന് ബദല്‍ സംവിധാനമൊരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ക്രോസ് റോഡിന് പകരം എട്ട് മീറ്റര്‍ വീതിയില്‍ പൊതുമരാമത്ത് റോഡ് നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തി പദ്ധതിയുടെ സ്കെച്ച് തയാറാക്കിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചതെന്ന് എം.എല്‍.എ പറഞ്ഞു.
ബദല്‍ സംവിധാനമൊരുക്കുന്നതിനുമുമ്പ് ക്രോസ് റോഡ് അടച്ചതായി കാണിച്ച് വിമാനത്താവള അതോറിറ്റി പാതയുടെ രണ്ടറ്റങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചത് ബുധനാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രാമാർഗം ഇല്ലാതാകുന്നതില്‍ ആശങ്കയിലാണ് മേഖലയിലെ നിരവധി കുടുംബങ്ങള്‍. യാത്രാപ്രശ്നം പരിഹരിക്കാന്‍ മൂന്ന് മീറ്റര്‍ വീതിയിലുള്ള കോട്ട പാലക്കുടത്ത് മുഹമ്മദ് ഹാജി സ്മാരക നഗരസഭ കോണ്‍ക്രീറ്റ് റോഡ് കൂടി ഉപയോഗപ്പെടുത്തി പാലക്കാപ്പറമ്പ് പിലാത്തോട്ടം മുതല്‍ ചിറയിലിലെ കോട്ടപ്പറമ്പ് വരെ എട്ട് മീറ്റര്‍ വീതിയില്‍ റോഡ് നിർമിക്കുന്ന വിധത്തിലുള്ള പദ്ധതിയാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്.
ഇതിലടക്കം മുഖ്യമന്ത്രി ഇടപെട്ട് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ നിവേദനവും സമര്‍പ്പിച്ചു. റെസ വികസനത്തിന് 18 ഏക്കര്‍ സ്ഥലം ഏറ്റടുത്തപ്പോള്‍ മേഖലയില്‍ നിന്ന് വിമാനത്താവളത്തിനായി അവസാനമായി ഏറ്റെടുക്കുന്ന സ്ഥലമാണിതെന്ന് മന്ത്രിയടക്കം ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ 2047ലെ വികസനം ലക്ഷ്യമാക്കി റണ്‍വേ വികസനത്തിന് ഭൂമി ലഭ്യമാക്കാന്‍ വിമാനത്താവള അതോറിറ്റി സര്‍ക്കാറിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അത് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും മുഖ്യമന്തി എം.എല്‍.എക്ക് നല്കിയ രേഖാമൂലമുള്ള മറുപടിയില്‍ പറയുന്നുണ്ട്.
ഇതേതുടര്‍ന്നാണ് പരിസരവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ ഇടപെടുന്നതിന് വേണ്ടി എം.എല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. പരിസരത്തെ വീടുകളുടെ നിർമാണത്തിന് എന്‍.ഒ.സി നല്‍കാത്തത്, റണ്‍വേയില്‍ നിന്ന് മഴവെള്ളം കുത്തിയൊലിച്ച് വീടുകളും കിണറുകളും മലിനമാകുന്നത്, വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ നവീകരിക്കല്‍, വിമാനത്താവള സി.എസ്.ആര് ഫണ്ട് മറ്റു സ്ഥലങ്ങളിലെ പദ്ധതികള്‍ക്ക് ഉപയോഗിക്കാതെ വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളിലെ വിവിധ വികസന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്. ഇക്കാര്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ടി.വി. ഇബ്രാഹിം എം.എല്‍.എ പറഞ്ഞു.