പരപ്പനങ്ങാടി: കഞ്ചാവ് കേസിലെ നടപടിക്രമങ്ങൾക്കിടെ എക്സൈസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി മാരക ലഹരിയുമായി പിടിയിൽ. പള്ളിക്കൽ ജവാൻസ് നഗർ പുൽപറമ്പ് കെ.വി. മുഹമ്മദ് വാഹിദ് (29) എന്ന യുവാവിനെയാണ് 15 ഗ്രാം എം.ഡി.എം.എയുമായി തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും സംഘവും അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫിസിൽനിന്ന് മേയ് 22ന് 1.120 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് അറസ്റ്റ് നടപടികൾക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി കൈവിലങ്ങുമായി ഇയാൾ രക്ഷപ്പെട്ടത്.
കാറിൽ കടത്തുകയായിരുന്ന 1.120 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത് തുടർന്നുള്ള അറസ്റ്റ് നടപടിക്കിടെയാണ് ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി കൈവിലങ്ങുമായി കഴിഞ്ഞമാസം രക്ഷപ്പെട്ടത്. തുടർന്ന് ഇയാളെ പള്ളിക്കൽ ഭാഗങ്ങളിൽ നിരന്തരമായി അന്വേഷണം നടത്തുന്നതിനിടെയാണ് 15 ഗ്രാം എം.ഡി.എം.എയുമായി വീണ്ടും എക്സൈസിന്റെ കൈയിൽ തന്നെപെടുകയായിരുന്നു. എക്സൈസ് ജില്ല ഡെപ്യൂട്ടി കമീഷണറുടെ പ്രത്യേക നിർദേശപ്രകാരമാണ് പള്ളിക്കൽ ഭാഗങ്ങളിൽ അന്വേഷണം ഊർജിതമാക്കിയതും ഇയാളെ അറസ്റ്റ് ചെയ്തതും. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് വാഹിദിനെ റിമാൻഡ് ചെയ്തു.
ഈ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വരുംദിവസങ്ങളിൽ കൂട്ടാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും എക്സസ് സർക്കിളി ഇൻസ്പെക്ടർ മധുസൂദനൻ പിള്ള അറിയിച്ചു പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സുർജിത്ത്, പ്രഗേഷ്, പ്രവന്റിവ് ഓഫിസർമാരായ ദിലീപ് കുമാർ, രജീഷ് സിവിൽ എക്സൈസ് ഓഫിസർ ശിഹാബുദ്ദീൻ, വനിത സിവിൽ ഓഫിസർ സിന്ധു പട്ടേരി വീട്ടിൽ, എക്സൈസ് ഡ്രൈവർ അഭിലാഷ് എന്നിവരും പങ്കെടുത്തു.