പൊന്നാനി: കാൽനടയാത്ര പോലും ദുസ്സഹമായ പൊന്നാനി പുളിക്കകടവ് തൂക്കുപാലത്തിന്റെ അറ്റകുറ്റപണികൾക്ക് തിങ്കളാഴ്ച തുടക്കമാവും.
എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ പുനർനിർമ്മാണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം പ്രവൃത്തി വൈകുകയായിരുന്നു. 18 ലക്ഷം രൂപ ചെലവിലാണ് പൊന്നാനി-മാറഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കക്കടവ് കായൽ തീരത്ത് നടപ്പാലം അറ്റകുറ്റപ്പണിക്ക് തുടക്കം കുറിക്കുക.
മാസങ്ങൾക്കകം അറ്റകുറ്റപണികൾ പൂർത്തിയാക്കി പാലം തുറക്കുകയാണ് ലക്ഷ്യം. സർക്കാർ ഏജൻസിയായ കെല്ലിനാണ് നിർമാണ ചുമതല. ഇതിന് മുന്നോടിയായി പി. നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗം പൊന്നാനി നഗരസഭകാര്യാലയത്തിൽ ചേർന്നു.
എം.എൽ.എ ഫണ്ട് വിനിയോഗ പ്രവൃത്തി പുരോഗതിയും വിലയിരുത്തി. പൊന്നാനി താലൂക്ക് ആശുപത്രി കെട്ടിട്ട നിർമണ ടെൻഡർ നോട്ടീസ് 12ന് പ്രസിദ്ധീകരിക്കും. ഇതിന്റെ സാങ്കേതികാനുമതി ലഭ്യമായി. പൊന്നാനി ബസ് സ്റ്റാൻഡ് നിർമാണത്തിന് തിങ്കളാഴ്ച തുടക്കമാകും. നവംബറിൽ നിർമാണം പൂർത്തീകരിക്കും. ഈ മാസം 18ന് പുതുപൊന്നാനി ആയുർവേദ ആശുപത്രി നിർമാണം ആരംഭിക്കാനും യോഗത്തിൽ
തീരുമാനമായി.
യോഗത്തിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, സ്ഥിരംസമിതി അധ്യക്ഷരായ ഷീന സുദേശൻ, രജീഷ് ഊപ്പാല എന്നിവർ സംബന്ധിച്ചു.