ചങ്ങരംകുളം: സംസ്ഥാന പാതയോരത്ത് ജലവിതരണത്തിനായി കുഴിച്ച കുഴിയിൽ അപകടം പതിവായ ഭാഗങ്ങളിൽ അധികൃതർ മുന്നറിയിപ്പ് സംവിധാനങ്ങളൊരുക്കി. വിവിധ ആവശ്യങ്ങൾക്കായി കുഴിയെടുത്ത ഭാഗങ്ങളിൽ വാഹനങ്ങളുടെ ചക്രം താഴ്ന്നത് പതിവായതോടെയാണ് മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കിയത്.
ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ വളയംകുളം മുതൽ ചങ്ങരംകുളം വരെയുള്ള ഭാഗങ്ങളിലാണ് പി.വി.സി പൈപ്പുകൾ സ്ഥാപിച്ച് നാടകെട്ടി റിഫ്ലക്ടർ ഒട്ടിച്ച് അടയാളപ്പെടുത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലായി ഏറെ വാഹനങ്ങളാണ് താഴ്ന്നിരുന്നത്. സംസ്ഥാനപാതയിലൂടെ ചരക്കുകളായി പോകുന്ന ലോറികളും കാറുകളും മറുവാഹനങ്ങളും ഈ പ്രദേശങ്ങളിൽ താഴ്ന്നിരുന്നത്.
നിരന്തരമായ പരാതിയും മാധ്യമങ്ങളിലെ വാർത്തയുമാണ് മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. എന്നാൽ ഇതെരീതിയിൽ റോഡുകൾ കീറിമുറിച്ച ഗ്രാമീണ റോഡുകളിലും ഏറെ വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്.
ഈ ഭാഗങ്ങളിൽ യാതൊരുവിധ നടപടിയും കൈകൊണ്ടിട്ടില്ല. ഈ ഭാഗങ്ങളിലും മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.