കരുളായി: നെടുങ്കയം പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രം മൂന്ന് മാസത്തിന് ശേഷം വനം വകുപ്പ് വീണ്ടും സഞ്ചാരികൾക്ക് തുറന്ന് നൽകി. മുന്നറിയിപ്പ് ബോർഡുകളും സുരക്ഷ സംവിധാനങ്ങളുമെല്ലാം ഒരുക്കിയാണ് ടൂറിസം കേന്ദ്രം തുറന്നത്. വേനൽ കടുക്കുമ്പോൾ കാട്ടുതീ വ്യാപനവും പുഴ മലിനപ്പെടുന്നതും കണക്കിലെടുത്ത് എല്ലാ വർഷവും നെടുങ്കയം ടൂറിസം കേന്ദ്രം അടക്കാറുണ്ട്. പിന്നീട് മഴ ലഭിച്ച് കാട്ടുതീ ഭീതി അകലുകയും പുഴയിൽ വെള്ളമെത്തുകയും ചെയ്ത ശേഷമാണ് തുറന്ന് നൽകാറുള്ളത്. എന്നാൽ ഫെബ്രുവരി ഒമ്പതിന് ക്യാമ്പിനെത്തിയ രണ്ട് കുട്ടികൾ കയത്തിൽ മുങ്ങി മരിക്കാനിടയായ സാഹചര്യത്തിലാണ് ടൂറിസം കേന്ദ്രം നേരത്തേ അടച്ചത്.
പുഴയിലിറങ്ങുന്ന ഭാഗത്ത് ഒരു മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നെങ്കിലും അത് ശ്രദ്ധിക്കാതെ കുട്ടികൾ വെള്ളത്തിലിറങ്ങുകയായിരുന്നു. കരിമ്പുഴയിലെ കയത്തിന്റെ അപകടാവസ്ഥ സൂചിപ്പിച്ച് അഞ്ച് സ്ഥലങ്ങളിലാണ് അപകട മേഖലയാണെന്ന് കാണിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. പാലത്തിന് സമീപത്തും പുഴയിലിറങ്ങുന്ന ഭാഗത്തും പുഴയോരത്തും അപകട കയത്തിന് സമീപ ത്തുമാണ് വനം വകുപ്പ് ബോർഡുകൾ സ്ഥാപിച്ചത്.
1938ൽ ബ്രിട്ടീഷുകാരനായ ഫോറസ്റ്റ് എൻജിനീയറുടെ മുങ്ങിമരണം മുതൽ അവസാനമായി മരിച്ച കുട്ടികളുടെ വിവരങ്ങൾ വരെ മുന്നറിയിപ്പ് ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കയത്തിൽ ഇറങ്ങുന്നത് കർശനമായി നിരോധിച്ചതായും ബോർഡിലുണ്ട്. ഒപ്പം, വനപാതയിൽ വാഹനങ്ങൾ നിർത്തുന്നതും വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതും ഉൾപ്പടെ നിരോധിച്ചുള്ള ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കരുളായി വനം റേഞ്ചോഫിസർ പി.കെ. മുജീബ് റഹ്മാൻ പറഞ്ഞു. സഞ്ചാരികളുടെ സുരക്ഷക്കായി ടൂറിസം കേന്ദ്രത്തിൽ സി.സി.ടി.വിയും സ്ഥാപിച്ചിട്ടു ണ്ട്.