വള്ളിക്കുന്ന്: കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തിയിൽ പേട്ട വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കടലുണ്ടിക്കടവ് അഴിമുഖത്ത് ചെളിയും മണലും അടിഞ്ഞുകൂടി. നീരൊഴുക്കിന് തടസ്സമാക്കുന്ന രീതിയിൽ മണൽതിട്ട രൂപപ്പെട്ടതിനാൽ പുഴയുടെ സ്വഭാവിക ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. കടലുണ്ടിക്കടവ് അഴിമുഖത്തെ പാലത്തിന് താഴെയാണ് വലിയ മൺകൂന രൂപപ്പെട്ടത്.
കാലവർഷം ശക്തിപ്രാപിച്ചതോടെ ഗ്രാമപഞ്ചായത്തിലെ വിവിധ തോടുകളിൽനിന്ന് ഒഴുകി വരുന്ന വെള്ളം കടലുണ്ടിപുഴയിൽ ഉൾകൊള്ളാത്ത അവസ്ഥയാണ്. കാലവർഷത്തിന് മുമ്പ് പെയ്ത മഴയിൽ 105 കുടുംബങ്ങൾ താമസിക്കുന്ന ബാലാതിരുത്തിയും, 34 കുടുംബങ്ങൾ താമസിക്കുന്ന ചെറുതിരുത്തിയും ആനയാറങ്ങാടി പടന്ന പ്രദേശവും, കോന്നംകുഴി ഇരുമ്പോത്തിങ്ങൽ പ്രദേശവും, ഒലിപ്രം തിരുത്തി പുത്താരത്തോടിന്റെ പ്രദേശവും പ്രളയ സമാനമായിരുന്നു.
2018, 2019 പ്രളയകാലത്ത് പോലും വെള്ളക്കെട്ട് അനുഭവപ്പെടാത്ത പ്രദേശങ്ങളിൽ ഈ വർഷം ആദ്യ പെയ്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 12 വാർഡുകൾ കടലുണ്ടി പുഴയാലും അറബികടലാലും ചുറ്റപ്പെട്ടതാണ്. വിഷയം മുൻകൂട്ടി കണ്ട് വിവിധ വകുപ്പുകൾകൾക്ക് രേഖാമൂലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കി ഗ്രാമപഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗം ചേരുകയും വിഷയം ജില്ല കലക്ടറെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്താനും തീരുമാനിച്ചു. വർഷങ്ങളായി അഴിമുഖത്ത് രൂപപ്പെട്ട മണൽതിട്ട കാരണം കടലുണ്ടി പുഴയിലെ ഒഴുക്ക് ക്രമതീതമായി കുറഞ്ഞിട്ടുണ്ട്. വെള്ളം കടയിലേക്ക് ഒഴുകി പോവാത്തതിനാൽ പുഴയിൽനിന്ന് വെള്ളം കടയിലേക്ക് ഒഴുകിപോവാത്ത നിലയിലാണ്. ഇതുകൊണ്ട് തന്നെ ചെറിയ മഴയിൽ പോലും പുഴയിൽ വെള്ളം ഉയർന്നു ഭീഷണി ഉയർത്തുകയാണ്.