മലപ്പുറം: ദേശീയപാതയിൽ വെള്ളക്കെട്ടിന്റെ ഏറ്റവും ദുരിതപൂർണമായ അവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്ന് പൊന്നാനി മേഖലയാണ്. വേനൽ മഴയിൽ പാലപ്പെട്ടി സാമിപ്പടിയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിയാൻ ഒരാഴ്ച കാത്തിരുന്നു. എങ്ങോട്ട് ഒഴുകണമെന്ന് അറിയാതെ വെള്ളം റോഡിൽ കെട്ടിനിന്നപ്പോൾ ഒടുവിൽ അധികൃതർ പമ്പ്സെറ്റ് കൊണ്ടുവന്ന് വെള്ളം കാന വഴി ഒഴിവാക്കാൻ നോക്കി.
കാന വഴി വെള്ളം ഒഴിവാക്കൽ പരാജയപ്പെട്ടതോടെ പണികഴിഞ്ഞ ദേശീയപാത കുത്തിപ്പൊളിച്ച് രണ്ട് അടി വ്യാസമുള്ള പൈപ്പ് സ്ഥാപിച്ച് വെള്ളം പടിഞ്ഞാറ് ഭാഗത്ത് നിന്ന് കിഴക്ക് ഭാഗത്തേക്ക് തുറന്നുവിടാനുള്ള പ്രവൃത്തികൾ ആരംഭിച്ചിരിക്കയാണ്. ഈ ഭാഗത്ത് നിറയെ വീടുകളുമാണ്. ദേശീയപാത അഥോറിറ്റിക്ക് മഴവെള്ളം എങ്ങോട്ട് ഒഴുക്കണമെന്ന് സംബന്ധിച്ച് മാസ്റ്റർ പ്ലാൻ ഇല്ല എന്നതിന്റെ മികച്ച ഉദാഹരണമാണിത്.
ഒരുപക്ഷെ ദേശീയപാത പൂർത്തിയാവുമ്പോൾ ഏറ്റവും കൂടുതൽ സങ്കീർണമാവുക കാനപ്രശ്നമാവും. വർഷത്തിൽ ആറുമാസം വരെ മഴ നീണ്ടുനിൽക്കുന്ന നാട്ടിൽ റോഡ് പണി തുടങ്ങും മുമ്പ് മഴവെള്ളം എങ്ങോട്ട് ഒഴുക്കണമെന്ന് ആസൂത്രണം ചെയ്യാൻ സാധിക്കണം.
വെളിയങ്കോട് മുതൽ ചമ്രവട്ടം വരെ ഭാഗങ്ങളിൽ റോഡരികിലെ വീട്ടുകാർ ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ്. വെള്ളപ്പൊക്കം രുക്ഷമാവുമെന്ന ഭീതിയിലാണ് വീട്ടുകാർ. സർവിസ് റോഡുകൾ വെള്ളത്തിലാവുന്നതോടെ നാട്ടുകാർ ഒറ്റപ്പെടുന്ന സാഹചര്യമാണ്. മണിക്കൂറുകൾ നീളുന്ന ഗതാഗത തടസ്സത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് വെളിയങ്കോട് പൊന്നാനി മേഖലയിലെ വെള്ളക്കെട്ടാണ്. പെട്ടെന്നൊന്നും പരിഹരിക്കാൻ കഴിയാത്തത്ര സങ്കീർണമാണ് ഇവിടുത്തെ പ്രശ്നം.
എവിടെ വന്നും മാന്തും ബുൾഡോസർ
കണ്ണ് തെറ്റിയാൽ വീടുവരെ വീഴ്ത്തുന്ന രീതിയിലാണ് ബുൾഡോസർ ഉപയോഗിച്ചുള്ള മണ്ണു മാന്തൽ. വെളിയങ്കോട് എസ്.ഐപടിയിൽ അത്യാധുനിക രീതിയിൽ രൂപകൽപനചെയ്ത വീടിന്റെ മതിലും ഗേറ്റും ക്ഷണനേരം കൊണ്ട് മണ്ണുമാന്തിയന്ത്രം പൊളിച്ചിട്ടു.
മായൻ മുസല്യാരകത്ത് സലാഹുദ്ദീൻ മൂസയുടെ വീഷിന്റെ മതിലും ഗേറ്റുമാണ് നിഷ്കരുണം തകർത്തത്. പരിസരത്ത് കാനക്കായി മണ്ണ് എടുക്കുമ്പോൾ പരിസരത്തെ കെട്ടിടങ്ങൾക്ക് കേടുപാട് വരാതെ പ്രവൃത്തി നടത്തണമെന്ന സാമാന്യമര്യാദ പോലും അധികൃതർ സ്വീകരിച്ചില്ല. ആരോടും പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ലാത്ത അവസ്ഥയാണ്. അതിനാൽ വീട്ടുടമ ഹൈകോടതിയെ സമീപിച്ചിരിക്കയാണ്.
അയ്യൂബ്ഖാൻ റോഡ് മാലിന്യത്തോടാകും
ദേശീയപാത കടന്നുപോകുന്ന രണ്ടത്താണി മേഖലയിലും മറ്റിടങ്ങളിലെ പോലെ വീടുകളിലേക്ക് ഡാം തുറന്നുവിടുന്ന അവസ്ഥയാണ്. മഴ പെയ്താൽ ദേശീയപാതയിലെ ഇരുഭാഗങ്ങളിൽനിന്നും വലിയ തോതിൽ മലിനജലം ഒഴുകിയെത്തുന്നത് രണ്ടത്താണി അയ്യൂബ് ഖാൻ റോഡിലേക്കാണ്.
റോഡ് കാനയായി മാറുന്നതോടെ ജനം സമാനതകളില്ലാത്ത ദുരിതത്തിലായി. അവരുടെ ദൈനംദിന ജീവിതം താളം തെറ്റി. അവർ ഒടുവിൽ ഹൈകോടതിയെ സമീപിച്ചിരിക്കയാണ്. പാത നിർമാണത്തിനായുള്ള മണ്ണെടുപ്പ് കാരണവും പല പ്രദേശത്തുകാരും പ്രയാസമനുഭവിക്കുന്നുണ്ട്.
മണ്ണെടുത്ത് വലിയ വാഹനങ്ങളുടെ നിരന്തരമായ യാത്ര കാരണം വെട്ടിച്ചിറ- മുഴങ്ങാണി-ചേലക്കുത്ത് റോഡ് ഉൾപ്പെടെ പല പ്രധാന റോഡുകളും പൂർണമായും തകർന്ന അവസ്ഥയിലാണ്. രണ്ടത്താണി, പൈങ്കണ്ണൂർ ഗവ. യു.പി സ്കൂളിന് സമീപം, കഴുത്തല്ലൂർ പള്ളിപ്പടി പ്രദേശങ്ങളിൽ അണ്ടർപാസ്/ഓവർ പാസ് നൽകാത്തത് കാരണം വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾ, ആരാധാനാലയങ്ങളിലേക്ക് പോകുന്നവർ, കച്ചവടക്കാർ, രോഗികൾ എന്നിവരെല്ലാം കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
ദേശീയപാത വികസനത്തിനിടെ വീടുകൾക്ക് വിളളൽ സംഭവിച്ച കുറ്റിപ്പുറം ബംഗ്ലാംകുന്ന് പ്രദേശവാസികൾ മഴകന ത്തതോടെ ആശങ്കയിലാണ്
എൻ.എച്ച്-66ന്റെ നിർമാണ പ്രവൃത്തികൾക്കിടെ വീടുകൾക്കും ഭൂമിക്കും വലിയ രീതിയിൽ വിള്ളൽ വീഴ്ത്തിയിരുന്നു. ഭൂമിക്ക് കൂടുതൽ വിള്ളൽ വരാതിരിക്കാൻ നേരത്തെ മണ്ണെടുത്ത ഭാഗത്ത് വീണ്ടും മണ്ണിട്ട് തടഞ്ഞിരുന്നു. എന്നാൽ മഴ ശക്തമായതോടെ വിളളൽ തടയാനായി കൂട്ടിയിട്ട മൺകുനകൾ കുത്തിയൊലിച്ച് പോയി.
വിള്ളൽ വീണ ഭൂമിയുടെ ഭാഗങ്ങളിൽ സിമന്റ് മിശ്രിതം ഉപയോഗിച്ച് ഗ്രൗട്ടിങും ക്രാക്ക് ഫില്ലിങും നടത്തിയിട്ടുണ്ടെങ്കിലും ഇത് ശ്വാശതമായ പരിഹാരമെല്ലന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞദിവസം ദേശീയപാത അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒരു മറുപടിയും നൽകിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ദേശീയപാത അതോറിറ്റി നിലപാട് നീതീകരിക്കാനാവാത്തത് – ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ
ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത കാരണം നിരവധി കുടുംബങ്ങളും പ്രദേശങ്ങളും വലിയ ദുരിതമാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഡ്രൈനേജുകൾ പലയിടത്തും അവസാനിക്കുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും വിധമാണ്.
പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണെന്ന എൻ.എച്ച്.എ നിലപാട് നീതീകരിക്കാനാവാത്തതാണ്. കുറ്റിപ്പുറം പഞ്ചായത്തിലെ ബംഗ്ലാംകുന്നിൽ ഭൂമിയിലും പുതുതായി നിർമിച്ച വീടുകളിലടക്കം അപകടകരമായ രീതിയിലുള്ള വലിയ വിള്ളലുകൾ രൂപപ്പെട്ടു.
അപകട ഭീഷണിയെ തുടർന്ന് വീടുകളിൽനിന്നും മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഒന്നുകിൽ ഈ വീടുകൾ നിൽക്കുന്ന സ്ഥലം കൂടി എൻ.എച്ച്.എ ഏറ്റെടുക്കണം. അല്ലെങ്കിൽ ഇവരുടെ വീടുകൾക്ക് വന്ന കേടുപാടുകൾ പൂർണമായി പരിഹരിക്കുകയും ഭാവിയിൽ സുരക്ഷിതമായിരിക്കുമെന്ന് എൻ.എച്ച്.എ.ഐ അധികൃതർ ഉറപ്പുവരുത്തുകയും വേണം.
കലക്ടറേറ്റിൽ പലതവണ വിളിച്ചുചേർത്ത ദേശീയപാത അധികൃതരുടെ യോഗങ്ങളിലും എല്ലാ മാസാവസാനവും ചേരുന്ന ജില്ല വികസന സമിതികളിലും ഈ പ്രശ്നങ്ങൾക്കെല്ലാം ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടതാണ്. നിയമസഭയിലും സബ്മിഷനായി ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. പ്രൊജക്ട് ഡയറക്ടർ, റീജനൽ ഓഫിസർ എന്നിവരോട് അതത് സമയങ്ങളിലെല്ലാം ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത കത്തിലൂടെയും ഫോണിലൂടെയും ആവശ്യപ്പെട്ടിട്ടുണ്ട്.
ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പലതവണ സമരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ദേശീയപാത അധികൃതർ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ വേണ്ടത്ര ഗൗനിക്കുന്നില്ല. ജനങ്ങളുടെ പ്രയാസങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം അവസാനിപ്പിക്കാൻ എൻ.എച്ച്. എ.ഐ അധികൃതരും ഭരണകൂടവും തയാറാകണം.
(അവസാനിച്ചു)