നിലമ്പൂർ: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വം പദ്ധതിയുടെ ഭാഗമായി നാടുകാണി ചുരം മേഖല മാലിന്യമുക്തമാക്കുന്നതിന് ജില്ല ഭാരണക്കൂടം നടപടികൾ ആരംഭിച്ചു. തിങ്കളാഴ്ച കലക്ടറുടെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന വിവിധ വകുപ്പ് മേധാവികളുടെയും തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെയും യോഗത്തിലെ തീരുമാനപ്രകാരമുള്ള നടപടികൾക്കാണ് തുടക്കമിട്ടത്.
ഈ മാസം 27ന് വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഓഫിസിൽ ജില്ല കലക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ യോഗം ചേരും. യോഗത്തിൽ വിവിധ വകുപ്പുമേധാവികളും ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരെയും കൂടാതെ മേഖലയിലെ ആറ് സ്റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥരെയും പങ്കെടുപ്പിക്കും. യോഗത്തിൽ ചുരം സംരക്ഷണസമിതിക്ക് രൂപം നൽകും. വഴിക്കടവിൽ പ്ലാസ്റ്റിക് ചെക്ക്പോസ്റ്റ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തും. ജൂൺ 10 മുതൽ പ്ലാസ്റ്റിക് ചെക്ക്പോസ്റ്റുകൾ പ്രവർത്തനം തുടങ്ങും.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോവാനുള്ള വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പെർമിറ്റ് നൽകുമ്പോൾ നിരോധിത വസ്തുക്കൾ വാഹനത്തിലോ, യാത്രാകാരുടെ കൈവശമോ സൂക്ഷിക്കില്ലെന്നുള്ള സത്യവാങ് മൂലം എഴുതി നൽക്കേണ്ടിവരും. ഇത് പ്ലാസ്റ്റിക് ചെക്ക്പോസ്റ്റുകളിൽ പരിശോധന നടത്തും. ചുരം റോഡിലും വനമേഖലയിലും പ്ലാസ്റ്റിക്ക് ഉൾപ്പെട്ട അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെയും തള്ളുന്നവർക്കെതിരെയും കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള ശിക്ഷ നടപടികളും പിഴയും ഈടാക്കും. ടൂറിസം കേന്ദ്രങ്ങളിലേക്ക് പോവുന്ന നിരോധിത പാത്രങ്ങളും ഗ്ലാസുകളും ഒഴിവാക്കി സ്റ്റിൽ പാത്രമോ മറ്റുള്ളവയോ ഉപയോഗിക്കണം. അല്ലാത്ത പക്ഷം പ്ലാസ്റ്റിക്ക് ചെക്ക്പോസ്റ്റുകളിൽ നിയമനടപടിക്ക് വിധേയമാകേണ്ടിവരും.