വേങ്ങര: നാടൊട്ടുക്കും മഴക്കാലത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളുമായി ഗ്രാമപഞ്ചായത്ത് ഭരണ സമിതികളും ആരോഗ്യ വകുപ്പ് പ്രവർത്തകരും രംഗത്തിറങ്ങുമ്പോഴും കുടിവെള്ള തർക്കം അവസാനിക്കാതെ വേങ്ങര ഗ്രാമപഞ്ചായത്ത്. ജലനിധി കൊള്ള അവസാനിപ്പിക്കുക, ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്യുക, പണമടച്ച മുഴുവൻ പേർക്കും ജലനിധി കണക്ഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ വേങ്ങര പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെ ഗ്രാമപഞ്ചായത്തിന് ജല അതോറിറ്റി ആവശ്യത്തിന് കുടിവെള്ളം നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസലിന്റെ നേതൃത്വത്തിൽ വേങ്ങര ജല അതോറിറ്റി ട്രീറ്റ്മെന്റ് പ്ലാന്റ് കോമ്പൗണ്ട് താഴിട്ട് പൂട്ടുകയും ചെയ്തു. ഇതോടെ വെള്ളം ലോഡ് ചെയ്ത ടാങ്കറുകൾക്ക് പുറത്തുപോകാനോ വെള്ളമെടുക്കാൻ അകത്തേക്ക് കടക്കാനോ കഴിഞ്ഞില്ല. വേങ്ങരയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി സ്ഥാപിച്ച വേങ്ങര മൾട്ടി ജി.പി ജലനിധി പദ്ധതിയിൽനിന്ന് ആവശ്യത്തിന് കുടിവെള്ളം വിതരണം ചെയ്യാതെ ടാങ്കറുകളിലാക്കി ജല അതോറിറ്റി മറ്റ് പ്രദേശങ്ങളിലേക്ക് കയറ്റിയയച്ച് വിൽപന നടത്തുന്നെന്നായിരുന്നു ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആരോപണം.
അതേസമയം എൽ.ഡി.എഫ് കമ്മിറ്റി നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലേക്ക് നടത്തിയ ബഹുജന മാർച്ച് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വേങ്ങര ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജലനിധി സംവിധാനത്തിലൂടെ വേങ്ങരയിലെ ആറായിരത്തോളം വരുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ സാധിക്കുന്നുണ്ടെന്നും അവകാശപ്പെട്ട് ജലനിധി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും രംഗത്ത് വന്നു. കഴിഞ്ഞ ദിവസങ്ങളിൽ പമ്പ് ഹൗസ് പരിസരത്ത് കൃത്യമായ വോൾട്ടേജില്ലാത്തതിന്റെ പേരിൽ വേങ്ങര ചേറൂർ റോഡിലെ ട്രീറ്റ്മെൻറ് പ്ലാന്റിലേക്ക് ശരിയായ തോതിൽ രാത്രികളിൽ വെള്ളം പമ്പ് ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു.
എന്നാൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചേറൂർ റോഡ് മിനിറ്റിൽ സ്ഥാപിച്ച ജലശുദ്ധീകരണ പ്ലാന്റ് ഉൾക്കൊള്ളുന്ന കോമ്പൗണ്ട് പൂട്ടിയിട്ട് നടത്തിയ സമരം ഫലം കണ്ടുവെന്നും വേങ്ങരയിലെ ഉയർന്ന പ്രദേശങ്ങളായ പാക്കടപ്പുറായയിൽ ഉൾപ്പെടെ ജലവിതരണം നടന്നുവെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ‘മാധ്യമ’ത്തോട് പറഞ്ഞു.