പെരിന്തൽമണ്ണ: സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ ലൈസൻസിന് അപേക്ഷിച്ചവരുടെ ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ട് റദ്ദാക്കിയതോടെ അപേക്ഷകർ പ്രതിഷേധവുമായി എത്തി. ലൈസൻസിന് അപേക്ഷിച്ച വനിതകൾ ഉൾപ്പെടെയുള്ളവർ കൂട്ടമായി എത്തി ആർ.ടി.ഒ ഓഫിസിൽ പ്രതിഷേധിച്ചു.
സ്ലോട്ട് റദ്ദാക്കിയതിൽ ന്യായമായ വിശദീകരണം നൽകാനാവാതെ ഉദ്യോഗസ്ഥർ വലഞ്ഞു. മന്ത്രിയുടെ പരിഷ്കാരവും ഇനി നടപ്പാവാൻ പോവുന്ന രീതികളും വിശദീകരിച്ചെങ്കിലും അപേക്ഷകർ തൃപ്തരായില്ല. ഇവർ ജോയിന്റ് ആർ.ടി.ഒക്ക് പരാതിയും നൽകി.
കഴിഞ്ഞ ജനുവരി മാസം മുതൽ ലൈസൻസിന് അപേക്ഷിച്ചവരുടെ ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ടാണ് റദ്ദാക്കിയത്. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ അനുവദിച്ച സ്ലോട്ടാണിത്. ഇത് റദ്ദാക്കിയതായി 27ന് അപേക്ഷകരുടെ മൊബൈൽ ഫോണുകളിൽ സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് വനിതകളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ കൂട്ടമായി സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെത്തി പ്രതിഷേധിക്കുകയായിരുന്നു.
കോവിഡ് കാരണം ക്യാൻസൽ ചെയ്തു എന്നാണ് അപേക്ഷകരുടെ മൊബൈലിൽ മെസേജ് വന്നത്. ഡ്രൈവിങ് ടെസ്റ്റിനുള്ള 1500ളം അപേക്ഷകൾ റദ്ദ് ചെയ്തതായാണ് വിവരം. ഇവർക്കിനി ടെസ്റ്റിന് അവസരം ലഭിക്കണമെങ്കിൽ പുതിയ അപേക്ഷ നൽകി കാത്തിരിക്കണം. ലൈസൻസ് എടുത്ത് വിദേശത്ത് പോകാൻ കാത്തിരുന്നവരും വിദ്യാർഥികളും വിവിധ ജോലിക്കാരും ഉൾപ്പെടെയുള്ളവരുടെ ടെസ്റ്റിനുള്ള അവസരമാണ് നഷ്ടപ്പെട്ടത്.
ലൈസൻസിന് അപേക്ഷിച്ചവരുടെ പരാതിയെ തുടർന്ന് ജോയിന്റ് ആർ.ടി.ഒ മേൽ ഘടകങ്ങൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ദിവസവും 120 പേർക്ക് ടെസ്റ്റ് നടത്തിയിരുന്നത് മേയ് മുതൽ 30 പേർക്ക് മാത്രമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
തനിക്ക് മേയ് ഒമ്പതിന് പറഞ്ഞ ടെസ്റ്റ് റദാക്കിയതായാണ് അറിയിപ്പെന്നും കോവിഡ് കാരണം പറഞ്ഞാണ് റദ്ദാക്കിയതെന്നും പ്രതിഷേധവുമായി എത്തിയ യുവതി പറഞ്ഞു. അഞ്ചു മാസമായി ലൈസൻസിന് കൊടുത്തിട്ട്. ലേണിങ്ങിന്റെ പേരിൽ ഒന്നര മാസം കാത്തിരുന്നു.
കാത്തിരിപ്പിനു ശേഷം കിട്ടിയ തീയതിയാണ് പല കാരണം പറഞ്ഞു നീട്ടുന്നത്. ഈ സ്ഥിതിയിൽ ഒരു വർഷം എടുക്കുമെന്നാണ് അറിയുന്നത്. അതേ സമയം ഡ്രൈവിങ് സ്കൂളുകാരോട് ചോദിച്ചാൽ അവരും കൈ മലർത്തുകയാണെന്ന് മറ്റൊരു യുവതി പറഞ്ഞു. ഇനി കൂടുതൽ വൈകി ഡേറ്റ് കിട്ടിയാൽ കൂടുതൽ ഫീസ് നൽകേണ്ട സ്ഥിതിയും ഉണ്ട്.
ഡ്രൈവിങ് ടെസ്റ്റ് കാര്യക്ഷമമാക്കുക എന്ന് പറഞ്ഞാണ് മേയ് ഒന്ന് മുതൽ പുതിയ പരിഷ്കരണം. 20 പുതിയ അപേക്ഷകരും 10 പരാജയപ്പെട്ടവരും മാത്രമാവും ഒരു ഷെഡ്യൂളിൽ. ഇപ്പോൾ കാത്തിരിക്കുന്നവർ വലയുന്നതിന് പരിഹാരമില്ല.