നിലമ്പൂർ: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ നിലമ്പൂർ റെയിൽവേ അടിപ്പാത നിർമാണം തുടങ്ങി. ഇതുമൂലം ഈ പാതവഴിയുള്ള ഗതാഗതം നിരോധിച്ചു. ഈ മാസം 22ന് പ്രവൃത്തി തുടങ്ങാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത ദിവസമായതിനാൽ പ്രവൃത്തി നീട്ടിവെക്കുകയായിരുന്നു. റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായാണ് പദ്ധതി ചെലവ് വഹിക്കുന്നത്. നിർമാണ പ്രവൃത്തിയുടെ ഭാഗമായി റെയിൽവേ ഗേറ്റ് അടച്ചിടുന്നതിന് ജില്ല കലക്ടർ നേരത്തെ അനുമതി നൽകിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കാളികാവ് ഭാഗത്തുനിന്ന് നിലമ്പൂരിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ പൂക്കോട്ടുംപാടം-കരുളായി മലയോര ഹൈവേയിലൂടെ കരുളായി ജങ്ഷൻ വഴി കരുളായി-മുക്കട്ട വഴി കടന്നുപോവണം. റെയിൽവേ ഗേറ്റിനടുത്ത് താമസിക്കുന്ന പ്രദേശവാസികൾക്ക് നിലമ്പൂർ പൂക്കോട്ടുംപാടം റോഡും മുക്കട്ട കരുളായി റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകൾ ഉപയോഗിക്കാം. കേരള സർക്കാറിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സുരഭി എർത്ത് മൂവേഴ്സിനാണ് അടിപ്പാതയുടെ നിർമാണക്കരാർ നൽകിയിട്ടുള്ളത്. ആറുമാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യം.