വേങ്ങര: സപ്ലൈകോ കർഷകരിൽനിന്ന് ഏറ്റെടുത്ത നെല്ലിന് വില നൽകുന്നതിന് ചില ബാങ്കുകൾ കർഷകരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. വില ലഭ്യമാക്കണമെങ്കിൽ വിളയിറക്കിയ പാടശേഖരത്തിന്റെ പാട്ടക്കരാർ, നികുതി ശീട്ട്, കർഷകനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണമെന്നാണ് ചില ബാങ്കുകളുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് വലിയോറ കുറ്റൂർ സംയുക്ത പാടശേഖര സമിതി അറിയിച്ചു. കൃഷിവകുപ്പ് മുഖേനയാണ് കർഷകർ സപ്ലൈകോക്ക് നെല്ല് നൽകിയത്. ഇതിന് ആവശ്യമായ രേഖകളും ഉറപ്പും കൃഷി വകുപ്പ് നൽകിയതുമാണ്. വില ലഭിക്കാൻ കനറാ, എസ്.ബി.ഐ ബാങ്കുകളിലേതിലെങ്കിലും അക്കൗണ്ട് തുറക്കണം.
ഇതിൽ എസ്.ബി.ഐയിൽ അക്കൗണ്ട് ഉള്ളവർക്കാണ് പണം ലഭിക്കാൻ രേഖകൾ ഹാജരാക്കണമെന്ന് ബാങ്ക് ആവശ്യപ്പെടുന്നത്. അതേസമയം ഇത്തരം നിർദേശങ്ങൾ മറ്റു ബാങ്കുകളിലോ ബ്രാഞ്ചുകളിലോ ഇല്ലെന്നാണ് കർഷകരുടെ വാദം. പണം നൽകുന്ന കാര്യത്തിൽ സർക്കാറും ബാങ്കുകളും തമ്മിൽ ഒത്ത് കളിക്കുകയാണ് കർഷകർ ആരോപിച്ചു.
ഇരട്ടത്താപ്പിനെതിരെ മുഖ്യമന്ത്രി, കൃഷിമന്ത്രി എന്നിവർ പരാതി നൽകുമെന്നും പരിഹാരമായില്ലെങ്കിൽ സപ്ലൈകോയിലേക്ക് മാർച്ചടക്കമുള്ള സമര പരിപാടികൾ നടത്തുമെന്നും കർഷകർ സംയുക്ത യോഗത്തിൽ അറിയിച്ചു. ചെള്ളി ബാവ അധ്യക്ഷത വഹിച്ചു. ചെമ്പൻ ജാഫർ, പി. ഹംസ, കൃഷ്ണൻ എന്നിവർ സംസാരിച്ചു.