പരപ്പനങ്ങാടി: 20ാമത് ലോക പട്ടം പറത്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരള ടീം മാനേജരായി പരപ്പനങ്ങാടി സ്വദേശിയും സംഘവും ചൈനയിലേക്ക്. ഉള്ളണം നോര്‍ത്ത് തയ്യിലപ്പടി വാല്‍പ്പറമ്പില്‍ പരേതനായ മുഹമ്മദ്-പാത്തുമ്മ ദമ്പതികളുടെ മകനും മലർവാടി ഏരിയ തല കോഓഡിനേറ്ററുമായ ഹൈദരലിയും സംഘവുമാണ് അടുത്ത ദിവസം നെടുമ്പാശ്ശേരിയില്‍നിന്ന് ചൈനയിലേക്ക് യാത്ര തിരിക്കുക.
സ്പോര്‍ട്സ് കൈറ്റ്, സര്‍ക്കിള്‍ കൈറ്റ് എന്നിവയില്‍ എട്ടുവര്‍ഷത്തെ വൈദഗ്ധ്യമുള്ള ഹൈദരലി കേരളത്തിലുടനീളവും ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലും പട്ടംപറത്തല്‍ മത്സരത്തിനും ബോധവത്കരണത്തിനുമായി പോയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള അഞ്ചുപേരും ഒഡീഷ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നുപേരുമാണ് സംഘത്തിലുള്ളത്. മഹ്ഷൂക്ക് ചാലിയമാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുക. പ്രഭാത്കുമാര്‍ (കൈറ്റ് ഫ്ലൈയര്‍), എം.വി അക്ബര്‍ അലി (ഇൻ ഫ്ലൈറ്റ് ടേബിള്‍ കൈറ്റ്), നിതേഷ് ലുക്കും (പരമ്പരാഗത കൈറ്റ്), ടി.വി. സ്വപ്ന (സ്പോര്‍ട്സ് കൈറ്റ്), ജൈസല്‍ സിംങ് (സ്പോര്‍ട്സ് കൈറ്റ്), അബ്ദുല്ല മാളിയേക്കല്‍ (പരിശീലകന്) എന്നിവരാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍.