പൂക്കോട്ടുംപാടം: വേനല്‍ കടുത്തതോടെ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കോട്ടപ്പുഴയിലെ നീരുറവകള്‍ വറ്റാന്‍ തുടങ്ങി. സമീപപ്രദേശങ്ങളായ ടി.കെ കോളനി, പൊട്ടിക്കല്ല്, പരിയങ്ങാട് എന്നിവിടങ്ങളിലെ കിണറുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് കുറയുകയാണ്. ഇത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിന് വഴിവെക്കും.
കോട്ടപ്പുഴയില്‍ ജലസംരക്ഷണത്തിന് ചെട്ടിപ്പാടം, പാറക്കപ്പാടം, ചെറായി ഭാഗങ്ങളിൽ തടയണകൾ കെട്ടിയിട്ടുണ്ടെങ്കിലും ടി.കെ കോളനിയിലും പൊട്ടിക്കല്ലിലും ഇത് ശാശ്വതമല്ല. എന്നാൽ പുഴയിലെ നിലവിലുള്ള വെള്ളം കെട്ടിനിർത്താൻ പ്രകൃതിദത്ത താൽക്കാലിക തടയണകൾ പോലും കെട്ടാൻ അധികൃതർ തയാറായിട്ടുമില്ല. ടി.കെ കോളനിയിലും പൊട്ടിക്കല്ലിലുമായി 500ലധികം കുടുംബങ്ങളാണ് താമസം. ഇവര്‍ കുടിവെള്ളത്തിനും കുളിക്കാനും അലക്കാനും ആശ്രയിക്കുന്നതും കോട്ടപ്പുഴയെയാണ്. ഈ പ്രദേശങ്ങളില്‍ ഉരുളന്‍ പാറകളായതിനാല്‍ കിണറുകള്‍ കുഴിക്കുന്നത് പ്രായോഗികമല്ല. എന്നാല്‍ കുടിവെള്ള പദ്ധതികളൊന്നും ഇവിടെ ഇനിയും നടപ്പായിട്ടില്ല.
എല്ലാ വർഷവും വേനലെത്തുംമുന്നേ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ പഞ്ചായത്ത് അധികൃതരും നാട്ടുകാരും യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും. എന്നാൽ ആ യോഗതീരുമാനങ്ങളൊന്നും കാര്യക്ഷമമായി നടപ്പിലായിട്ടില്ലെന്ന പരാതിയാണ് നാട്ടുകാര്‍ക്കുള്ളത്. ഇപ്പോൾ വെള്ളമെടുക്കുന്നത് സംബന്ധിച്ച് നാട്ടുകാരും മലയോര കർഷകരുമായി ധാരണകളുണ്ടാക്കിയിട്ടുണ്ടെങ്കിലും ശരിയായ രീതിയിൽ നടപ്പാകുന്നില്ലെന്ന ആക്ഷേപവും പൊതുജനങ്ങൾക്കുണ്ട്.
പുഴ വരണ്ടതോടെ പുഴയോര പ്രദേശങ്ങളായ ടി.കെ കോളനി, പൊട്ടിക്കല്ല്, ചെട്ടിപ്പാടം പരിയങ്ങാട്, പാറക്കപ്പാടം ഭാഗങ്ങളെല്ലാം രൂക്ഷമായ കുടിവെള്ള പ്രതിസന്ധിയിലാണ്. മലയോരപാത നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഒന്നര മാസമായി ജലവിഭവ വിതരണ വകുപ്പിന്റെ ജലവിതരണം കൂടി മുടങ്ങിയതോടെ നാട്ടുകാർ വെള്ളത്തിനു നെട്ടോട്ടമോടുകയാണ്.