പരപ്പനങ്ങാടി: ഇല്ലായ്മകൾക്ക് നടുവിൽ കണ്ണീർ കുടിലിൽ അന്തിയുറങ്ങുന്ന മത്സ്യ തൊഴിലാളി കുടുംബം നാടിന്റെ വേദനയാകുന്നു. പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ കരണമൻ ഹഫ്സത്തും മക്കളുമാണ് വർഷങ്ങളായി ഷീറ്റു മേഞ്ഞ കുടിലിൽ ദുരിതം പേറുന്നത്. സ്വന്തമായ രണ്ടു സെന്‍റ് ഭൂമിയിൽ വർഷങ്ങൾക് മുമ്പ് പണിതുവെച്ച വീടിന്‍റെ തറ അതെ പടി കിടക്കുകയാണ്. സ്ഥലത്തിന് പട്ടയമുണ്ടെങ്കിലും നിയമ സാങ്കേതിക തടസങ്ങൾ ചൂണ്ടികാട്ടി വീട് നിർമ്മാണത്തിനുള്ള സഹായത്തിന് സമർപിച്ച എല്ലാ അപക്ഷകളും പ്രാദേശിക ഭരണകൂടം തിരസ്കരിച്ചു.
ഇതിനിടെ പെൺകുട്ടികളെ വിവാഹത്തിനുള്ള നെട്ടോട്ടത്തിൽ വലിയ സാമ്പത്തിക ബാധ്യത കൂടിയായതോടെ ഹഫ്സത്ത് കുടിലിൽ വീടെന്ന സ്വപ്നം മാറ്റിവെച്ചു. രോഗിയായ ഗൃഹനാഥൻ ബന്ധുവീട്ടിൽ കഴിയുകയാണ്. കുടുംബത്തിന്റെ ദുരിതാവസ്ഥകണ്ട് പാതിവഴിയിൽ പഠനം അവസാനിപ്പിച്ച് ജോലി തേടി ലക്ഷദ്വീപിലേക്ക് പോയ ഇരുപതുകാരനായ മകൻ ദ്വീപിലെ കാലാവസ്ഥ പിടിക്കാതെ വീട്ടിൽ തിരിച്ചെത്തിയതോടെ നിത്യ വൃത്തിയുടെ വാതിലുമടഞ്ഞു.
പണിതു വെച്ച തറയുടെ മുകളിൽ നാലു കാലിൽ മേൽക്കുര പണിത് സുരക്ഷിതമായ രണ്ട് വാതിൽ വെച്ച് നിർഭയത്വത്തോടെ അന്തിയുറങ്ങാനാവണമന്നാണ് ഈ വീട്ടമ്മയുടെ ജീവിത സ്വപ്നം. സുമനസുകളുടെ കരുണാദ്രതയിലേക് ഉറ്റുനോക്കുകയാണ് ഹഫ്സത്തും മക്കളും. ഫോൺ: 919048026897