നിലമ്പൂർ: വിൽപനക്കായി ബംഗളൂരുവിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൊണ്ടുവന്ന 9.40 ഗ്രാം രാസലഹരിയുമായി യുവാവ് പിടിയിൽ. എടക്കര പാലേമാട് ശങ്കരൻകുളം സ്വദേശി പുതിയകത്ത് ആഷിഖ് അഹമ്മദിനെ (30) യാണ് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പ്രിൻസ് ജോസഫ് അറസ്റ്റ് ചെയ്തത്. പ്രത്യേക കാരിയര്‍മാര്‍ മുഖേന ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍പെട്ട എം.ഡി.എം.എ കടത്തുന്ന സംഘങ്ങളെക്കുറിച്ചും ഏജന്റുമാരെക്കുറിച്ചും ജില്ല പൊലീസ് മേധാവി ശശിധരന് രഹസ്യ വിവരം ലഭിച്ചിരുന്നു.
നിലമ്പൂര്‍ ഡിവൈ.എസ്.പി പി.എൽ. ഷൈജുവിന്റെ നിർദേശപ്രകാരം വഴിക്കടവ് ഇൻസ്പെക്ടർ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ വഴിക്കടവ് പൊലീസും നിലമ്പൂർ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച രാവിലെ 9.30ന് വഴിക്കടവ് ബസ് സ്റ്റാന്റിന് സമീപം അങ്ങാടിയിൽനിന്ന് പ്രതി പിടിയിലായത്.
ജില്ലയിലേക്ക് ലഹരിമരുന്ന് കടത്തി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മൈസൂരുവിലെ മത്സ്യക്കച്ചവടത്തിന്റെ മറവിലാണ് പ്രതി ലഹരി കടത്തിയിരുന്നത്. വിപണിയിൽ ഗ്രാമിന് 4000 രൂപയോളം വില വരുന്ന ലഹരി മരുന്നാണ് പ്രതിയിൽനിന്ന് പിടികൂടിയത്.
വഴിക്കടവ് എസ്.ഐ ഒ.കെ. വേണു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സൂര്യകുമാർ, അനു മാത്യൂ, സി.പി.ഒമാരായ കെ. ഹരിപ്രസാദ്, ടി. ഫിറോസ്, ഡാൻസാഫ് അംഗങ്ങളായ നിബിൻ ദാസ്, അഭിലാഷ് കൈപ്പിനി, ജിയോ ജേക്കബ്, എൻ.പി. സുനിൽ, ആസിഫലി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.