എടക്കര: പോത്തുകല്ലിൽ മഞ്ഞപ്പിത്തം പ്രതിരോധം ഊർജിതമാക്കി. ഓടയിലേക്ക് മലിന ജലം തള്ളിയ എട്ട് കടകൾക്ക് പിഴ ഈടാക്കി. പോത്തുകല്ല് ബസ് സ്റ്റാൻഡിലും ടൗണിലുമാണ് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവർ സംയുക്ത പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെ മുതൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിന് വശങ്ങളിലെ ഓടകളുടെ സ്ലാബ് തുറന്ന് പരിശോധിച്ചു. ഒട്ടേറെ കടകൾ ഓടയിലേക്ക് മലിന ജലവും മാലിന്യവും ഒഴുക്കിയതായി കണ്ടെത്തി. ഇവർക്കെല്ലാം ആരോഗ്യ വകുപ്പും പഞ്ചായത്തും പിഴ ചുമത്തി.
പരിശോധന വ്യാഴാഴ്ചയും തുടരും. പഞ്ചായത്തിൽ 110 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ, വൈസ് പ്രസിഡന്റ് ഷാജി ജോൺ, സെക്രട്ടറി ഷക്കീല, മറ്റു ജനപ്രതിനിധികൾ, ഹെൽത്ത് ഇൻസ്പെക്ടർ ജോസഫ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, പോത്തുകല്ല് പൊലീസ് വിഭാഗങ്ങൾ പരിശോധനയിൽ പങ്കെടുത്തു.