അരീക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട് പാലത്തിൽ ഭാരം കയറ്റി പോകുന്ന വലിയ വാഹനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് നിരോധനം ഏർപ്പെടുത്തി. ചാലിയാറിൽ 2019 ലുണ്ടായ മഹാപ്രളയത്തിൽ പാലത്തിന്റെ സംരക്ഷണഭിത്തിക്ക് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ കേടുപാടുകൾ കണ്ടെത്തിയത്. പ്രതിദിനം ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് പാലം വഴി കടന്നു പോകുന്നത്. പത്തനാപുരം ഭാഗത്തും അരീക്കോട് ഭാഗത്തും സംരക്ഷണ ഭിത്തികൾക്ക് വലിയ ബലക്ഷയം സംഭവിച്ചായി കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച മുതൽ അറ്റകുറ്റപ്പണി പൂർത്തിയാകുന്നത് വരെയാണ് വാഹനങ്ങൾക്ക് നിരോധനമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അസി. എൻജിനീയർ മഞ്ചേരി അറിയിച്ചു. ഭാരം കയറ്റിയുള്ള വാഹനങ്ങൾ വാഴക്കാട് ജങ്ഷനിൽ നിന്ന് പെരുങ്കടവ് പാലം വഴി കടന്നു പോകേണ്ടതാണ്. ചെറിയ വാഹനങ്ങൾ പതിവുപോലെ പാലത്തിലൂടെ കടന്ന് പോകാവുന്നതാണ്.
അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്ന് നടത്തിവരുന്നത്.