കാളികാവ്: നിർമാണം കഴിഞ്ഞ് രണ്ടുവർഷമായിട്ടും തണ്ടുകോട് അംഗൻവാടി തുറന്നുകൊടുത്തില്ല. ദുരിതമനുഭവിക്കുന്ന രക്ഷിതാക്കൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടി ബഹിഷ്കരിക്കുകയും ഒരുകുട്ടിയെപ്പോലും പറഞ്ഞയക്കാതെ പ്രതിഷേധിക്കുകയും ചെയ്തു. കാളികാവ് പഞ്ചായത്ത് 14ാം വാർഡ് തണ്ടുകോട് അംഗൻവാടിയിലാണ് അധികൃതരുടെ അനാസ്ഥ ദുരിതമായത്. ഇതോടെയാണ് അംഗൻവാടിയിലേക്ക് കുട്ടികളെ പറഞ്ഞുവിടാതെ രക്ഷിതാക്കൾ പ്രതിഷേധമാരംഭിച്ചത്.
പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമാണം പൂർത്തിയായിട്ട് ഏറെയായി. പ്ലംബിങ് അടക്കം ചില പ്രവൃത്തികൾ മാത്രമാണ് ബാക്കിയുള്ളത്. അവ ഇനിയും പൂർത്തിയാക്കിയിട്ടില്ല. രണ്ടു വർഷമായി പാതയോരത്തെ ഷട്ടർ റൂമിൽ പൊടിയും ചൂടും സഹിച്ച് ഒരു ഒറ്റമുറിയിലാണ് 26 പിഞ്ചുകുഞ്ഞുങ്ങൾ പഠിച്ചിരുന്നത്. അങ്ങാടിയിലെ കോലാഹലങ്ങളും പൊടിയും കാരണം കുട്ടികൾക്ക് അലർജി, തലവേദന, ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങൾ പിടിപെടുകയാണ്. ഇതുകാരണം പുതിയ കെട്ടിടത്തിലേക്ക് അംഗൻവാടി മാറ്റുന്നതുവരെ കുട്ടികളെ പറഞ്ഞുവിടാതെ പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.