കൊണ്ടോട്ടി: നഗരമധ്യത്തിലെ കെട്ടിടത്തിനു മുകള്‍ നിലയില്‍ തീപ്പിടിത്തമുണ്ടായത് കൊണ്ടോട്ടിയില്‍ ആശങ്ക പരത്തി. ബൈപ്പാസില്‍ ബസ് സ്റ്റാൻഡിനടുത്തുള്ള നാലുനില കെട്ടിടത്തിനു മുകളില്‍ ഷീറ്റിട്ടു മറച്ച ഭാഗത്ത് കൂട്ടിയിട്ട മാലിന്യത്തില്‍ തീ പടരുകയായിരുന്നു.
നാട്ടുകാരും വ്യാപിരികളും ഇടപെട്ട് തീ മറ്റിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. മലപ്പുറത്തു നിന്നെത്തിയ അഗ്നി രക്ഷാ സേനയാണ് തീ പൂര്‍ണമായും അണച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. മുകള്‍ നിലയില്‍ കടലാസ്, ഇലക്ട്രോണിക്‌സ് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിലാണ് തീ പടർന്നത്.
പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും വ്യാപാരികളും ഇടപെട്ട് കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു. ഇതോടൊപ്പം തീയണക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. താലൂക്ക് ദുരന്ത നിവാരണ സേനാംഗങ്ങളും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മുസ്ലിയാരങ്ങാടി സ്വദേശി തരുവറ സനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.