കൊളത്തൂർ: അങ്ങാടിപ്പുറം-വളാഞ്ചേരി പാതയിൽ പൊടിയിൽ കുളിച്ച് നീണ്ടുപോവുന്ന നവീകരണം ജനജീവിതത്തിന് ഭീഷണിയാവുന്നു. വെങ്ങാട് ഗോകുലം മുതൽ മാലാപറമ്പ് പാലച്ചോട് വരെയുള്ള പാതയുടെ നവീകരണ പ്രവൃത്തിയാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. ആഗസ്റ്റിലാണ് പാത നവീകരണത്തിന്റെ ഭാഗമായി വെങ്ങാട് നായരുപടി, വെങ്ങാട് എടയൂർ റോഡ് ജങ്ഷൻ, കൊളത്തൂർ ആലുംകൂട്ടം എന്നിവിടങ്ങളിൽ റോഡിൽ കലുങ്കുൾ, മഴവെള്ളച്ചാലുകൾ, ഓവുചാലുകൾ എന്നിവയുടെ നിർമാണ പ്രവൃത്തി തുടങ്ങിയത്.
നാലുമാസമായിട്ടും പ്രവൃത്തി ആലുംകൂട്ടം വരെയാണെത്തിയത്. ഇതിനിടെ തകർന്ന റോഡ് പൊളിച്ചുമാറ്റുന്നതോടൊപ്പം പൊളിച്ച റോഡുകളിൽ ക്വാറി വേസ്റ്റ് കൊണ്ട് നികത്തിയ ഭാഗങ്ങളിലൂടെ പൊടിപടർത്തിയുള്ള വാഹനങ്ങളുടെ സഞ്ചാരവുമാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. റോഡിനിരുവശങ്ങളിലുള്ള ജന വാസസ്ഥലങ്ങൾ കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വൃദ്ധരും കുട്ടികളുമടക്കമുള്ളവർ പൊടിശല്യം നിമിത്തം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
പ്രവൃത്തി ഇത്തരത്തിൽ നീണ്ടുപോവുന്നതിൽ ഏറെ ആശങ്കയിലുമാണിവർ. കൂടാതെ ഇതിലൂടെ സഞ്ചരിക്കുന്ന ബൈക്ക്-ഓട്ടോ തുടങ്ങിയ ചെറുവാഹന യാത്രക്കാരും പൊടിപടലങ്ങൾ നിമിത്തം ഏറെ ദുരിതത്തിലാണ്. റോഡുകൾ നികത്തി ഒപ്പമാക്കുന്ന പ്രവൃത്തിയാണിപ്പോൾ കൊളത്തൂർ ആലുംകൂട്ടത്തിൽ എത്തി നിൽക്കുന്നത്. നവീകരണ പ്രവൃത്തി മലാപറമ്പ് പാലച്ചോട്ടിലെത്താൻ ഇനിയും നാലു കിലോമീറ്ററിലധികം താണ്ടേതായിട്ടുണ്ട്.