പ്ലസ്‍വൺ സീറ്റ്: വിദ്യാഭ്യാസ മന്ത്രിയെ ശരിക്കുള്ള കണക്ക് പഠിപ്പിക്കും -കെ.എ. ശഫീഖ്

പ്ലസ്‍വൺ സീറ്റ്: വിദ്യാഭ്യാസ മന്ത്രിയെ ശരിക്കുള്ള കണക്ക് പഠിപ്പിക്കും -കെ.എ. ശഫീഖ്

മലപ്പുറം: പ്ലസ്‍വൺ സീറ്റ് വിവേചനത്തിൽ വിദ്യാഭ്യാസ മന്ത്രിയെ ശരിക്കുള്ള കണക്ക് പഠിപ്പിക്കുംവരെ തെരുവിൽ പ്രക്ഷോഭം തുടരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ​കെ.എ. ഷഫീഖ്. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റ് ഉപരോധിച്ച് നടത്തിയ ‘മലപ്പുറം പട’ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. കള്ളക്കണക്കുമായാണ് ഈ വിഷയത്തെ സർക്കാർ നേരിടുന്നത്. യഥാർഥ കണക്ക് പഠിപ്പിച്ചേ വിദ്യാർഥികൾ ഈ സമരത്തിൽ നിന്ന് പിന്മാറൂ. മലബാറിനോടുള്ള വിവേചനമാണ്, ഇരട്ടത്താപ്പാണ് പ്രശ്നം. ഈ വിവേചനത്തിനും ഇരട്ടത്താപ്പിനും മലബാർ വഴങ്ങില്ല.

അലോട്ട്മെന്റുകൾ എല്ലാം കഴിഞ്ഞിട്ടും മലപ്പുറത്ത് 32,366 കുട്ടികൾക്ക് പഠിക്കാൻ സീറ്റില്ല. മലബാറിലെ കുട്ടികൾക്ക് പ്ലസ് വണിന് പഠിക്കാൻ ബെഞ്ച് അല്ല ബാച്ചാണ് വേണ്ടത്. മലബാറിലെ പ്ലസ് ടു അപേക്ഷകരായ കുട്ടികളോട് ഐ.ടി.ഐയിലെയും പൊളി ടെക്നിക്കിലെയും സീറ്റുകളുടെ എണ്ണം പറയുന്ന മന്ത്രിക്ക് വിദ്യാഭ്യാസമേഖലയെ കുറിച്ച് പ്രാഥമിക ധാരണപോലുമില്ല. പ്ലസ്ടു എന്നത് കേരളത്തിന് പുറത്ത് അടിസ്ഥാനയോഗ്യതയാണ്.

അൺഎയിഡഡ് മേഖലയിൽ പോയി പഠിക്കാൻ പറയുന്ന മന്ത്രിയുടെ നിലപാട് ഇടതുപക്ഷ പുരോഗമനസർക്കാറിന്റെ നിലപാടാണോ എന്ന് വ്യക്തമാക്കണം. എസ്.എഫ്.ഐക്ക് യഥാർഥ കണക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് അവർ സമരത്തിനിറങ്ങിയത്. അവർ ‘പൂതികൊണ്ട് സമരം ചെയ്യുകയാണ്’ എന്ന് പറഞ്ഞ് മന്ത്രി അപമാനിച്ചത് ശരിയായില്ല. മലബാറിലെ ജനതയുടെ അവകാശസമരമാണിത്. ഇതിൽനിന്ന് ആരെങ്കിലും മാറിനിന്നാൽ കാലം അവരെ ഒറ്റുകാരെന്ന് വിളിക്കും. മലപ്പുറത്തിന്റെ മന്ത്രി വി. അബ്ദുറഹ്മാൻ പറയുന്നത് മലപ്പുറത്തെ കുട്ടികൾ രണ്ട് തവണ അപേക്ഷിച്ചതുകൊണ്ടാണ് സീറ്റ് കിട്ടാത്തവരുടെ കണക്ക് ഉയർന്നു നിൽക്കുന്നത് എന്നാണ്. ഏകജാലകസംവിധാനത്തെ കുറിച്ച് മന്ത്രിക്ക് അറിയില്ലേ? ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു.

ഒന്നര മണിക്കൂറോളം കലക്ടറേറ്റ് ഉപരോധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ. നഈം ഗഫൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കിഴുപറമ്പ്, വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറി കെ.വി. സഫീർ ഷാ, ട്രഷറർ മുനീബ് കാരക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മലപ്പുറം ജനറൽ സെക്രട്ടറി സാബിറ ശിഹാബ് സ്വാഗതവും ഫായിസ് എലാങ്കോട് നന്ദിയും പറഞ്ഞു. ജംഷീൽ അബൂബക്കർ,കെ.പി. തഷ്റീഫ്, സാബിറ ശിഹാബ്, ബാസിത്ത് താനൂർ, വി.ടി.എസ്. ഉമ്മർ തങ്ങൾ, ഫയാസ് ഹബീബ്, നിഷ്ല മമ്പാട്, ഫായിസ് എളങ്ങോട്, എം.ഇ അൽതാഫ്, അഡ്വ. ഫാത്തിമ റഷ്ന, സാബിഖ് വെട്ടം, സിയാദ് ഇബ്രാഹിം, അഡ്വ. അമീൻ യാസിർ, കെ.പി. ഫലാഹ് അഹമ്മദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്ലസ് വൺസീറ്റ് വിഷയത്തിൽ മലപ്പുറം കലക്ടറേറ്റിന് മുന്നിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ഉപരോധസമരത്തിൽ പങ്കെടുത്തവരം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

പ്ലസ് വൺസീറ്റ് വിഷയത്തിൽ മലപ്പുറം കലക്ടറേറ്റിന് മുന്നിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ഉപരോധസമരത്തിൽ പങ്കെടുത്തവരം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

 

Leave a Reply

Your email address will not be published. Required fields are marked *