പൊന്നാനി: പുതിയ റോഡ് വീണ്ടും റീ ടാറിങ് ചെയ്തതിനെച്ചൊല്ലി പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ പോര്. ജനകീയ വിഷയങ്ങൾ ഉന്നയിക്കാൻ പോലും ഭരണസമിതി അനുമതി നൽകുന്നില്ലെന്ന് പ്രതിപക്ഷം. വിഷയത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
ഏഴാം വാർഡിലെ കുമ്പളത്തുപടി-കുട്ടാട് റോഡ് തകരും മുമ്പേ റീ ടാറിങ് നടത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഭരണ-പ്രതീക്ഷ വാക്പോരിൽ കലാശിച്ചത്. ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്ന പ്രവൃത്തിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഇതോടെ ഭരണ പക്ഷ കൗൺസിലർമാരും പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി.
വിഷയത്തിൽ വാർഡ് കൗൺസിലർ വിശദീകരണം നൽകുകയും ചെയ്തു. ഇതിനിടെ താലൂക്കാശുപത്രിയിൽ ഡോക്ടർമാരില്ലാത്ത വിഷയം പ്രതിപക്ഷം ഉന്നയിച്ചതോടെ വീണ്ടും ബഹളമയമായി. തങ്ങളെ സംസാരിക്കാൻ ഭരണ സമിതി അംഗങ്ങൾ അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ഹാൾ വിട്ടിറങ്ങിയത്. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പറയാൻ പോലും ചെയർമാനും എൽ.ഡി.എഫ് കൗൺസിലർമാരും സമ്മതിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു.
അതേസമയം, ജനകീയ വിഷയങ്ങളിൽ ഒന്നിച്ച് നിന്ന് പരിഹാരം കാണുന്ന രീതിയാണ് ഭരണസമിതി സ്വീകരിക്കുന്നതെന്നും കൗൺസിൽ യോഗം കഴിഞ്ഞ ശേഷം രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രശ്നങ്ങളെ സമീപിക്കുകയാണ് പ്രതിപക്ഷമെന്നും നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.