പൊന്നാനി: കാലങ്ങളായുള്ള മത്സ്യത്തൊഴിലാളികളുടെ മുറവിളികൾക്കൊടുവിൽ പൊന്നാനി ഫിഷിങ് ഹാർബറിൽ ആഴം കൂട്ടൽ പ്രവൃത്തികളുടെ ഭാഗമായി ഡ്രെഡ്ജർ പൊന്നാനിയിലെത്തി. നിലവിലെ ആഴം പരിശോധിച്ച ശേഷം മണ്ണെടുപ്പ് ആരംഭിക്കും. വേലിയിറക്ക സമയത്ത് ജലനിരപ്പിൽ നിന്ന് മൂന്നര മീറ്റർ താഴ്ചയും വേലിയേറ്റ സമയത്ത് നാലര മീറ്റർ താഴ്ചയും ആഴം കണക്കാക്കിയാണ് ഡ്രഡ്ജിങ് നടക്കുക. ഇതോടൊപ്പം അഴിമുഖത്ത് സൗണ്ടിങ് സർവേയും നടക്കും. ആഴം കൂട്ടലിന്റെ ഭാഗമായി ഇന്ന് ഹൈഡ്രോഗ്രാഫിക് ഉദ്യോഗസ്ഥർ പൊന്നാനിയിലെത്തും. നിലവിലെ ആഴവും മണ്ണിന്റെ ലെവലും പരിശോധിച്ച് അടയാളപ്പെടുത്തും. പിന്നീട് ആഴം കൂട്ടൽ കഴിഞ്ഞാലും സമാനമായ പരിശോധനയുണ്ടാകും. രണ്ട് സർവേകളുടെ കണക്കും പുറത്തെടുത്ത മണ്ണും കണക്കു കൂട്ടിയാണ് ആഴം കൂട്ടലിന്റെ തോത് ഉറപ്പാക്കുക. ഹൈഡ്രോഗ്രഫിക് ഉദ്യോഗസ്ഥരുടെ ആദ്യ സർവേ കഴിഞ്ഞാലുടൻ മണ്ണെടുപ്പ് തുടങ്ങും. അടുത്തയാഴ്ച ഡ്രഡ്ജർ പുഴയിലിറക്കി പണി തുടങ്ങും. സർവെ റിപ്പോർട്ട് ഹാർബർ സൂപ്രണ്ടിങ് എൻജിനീയർക്ക് കൈമാറും.
6.37 കോടി രൂപ ചെലവിലാണ് ഡ്രഡ്ജിങ് പ്രവൃത്തികൾ നടക്കുന്നത്. ഫെബ്രുവരി മുതൽ മെയ് മാസം വരെ ആദ്യഘട്ട ഡ്രഡ്ജിങ് നടക്കും. തുടർന്ന് മഴ കഴിഞ്ഞാൽ ആഴം വർധിപ്പിക്കുന്ന പ്രവൃത്തികൾ പുനരാരംഭിക്കും. പൊന്നാനി അഴിമുഖത്ത് മണൽ അടിഞ്ഞ് കിടക്കുന്നത് മൂലം മത്സ്യബന്ധന യാനങ്ങൾക്ക് ഭീഷണിയാണ്. നേരത്തെ തകർന്ന വള്ളങ്ങളുടെ അവശിഷ്ടങ്ങളും അഴിമുഖത്ത് കെട്ടി കിടക്കുന്നുണ്ട്. ഇത് യാനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമാവുകയാണ്. കൂടാതെ വേലിയിറക്ക സമയത്ത് ബോട്ടുകൾ മണ്ണിൽ തട്ടുന്നതായും ആക്ഷേപമുണ്ട്. നാല് വര്‍ഷം മുമ്പ് ഹാര്‍ബര്‍ പ്രദേശത്ത് ഹൈഡ്രോഗ്രാഫിക് സര്‍വേ നടന്നിരുന്നു. അന്നത്തെ അതേതോതില്‍ തന്നെയാണ് ഇപ്പോഴും പുഴയുടെ ആഴമെന്നാണ് പ്രാഥമിക നിഗമനം. ആഴം കൂട്ടൽ നടക്കുന്നതോടെ കാലങ്ങളായുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരമാകും.