പൊന്നാനി: പൊന്നാനി നഗരം വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചു മാറ്റാൻ തീരുമാനമായി. സംസ്ഥാന സർക്കാർ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ അനക്സ് കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടം പൊളിക്കുന്നത്.
ഇതിന്റെ ഭാഗമായി ലേലം പൂർത്തിയായി. 87,000 രൂപക്കാണ് കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായ ലേലം ഉറപ്പിച്ചത്. അരനൂറ്റാണ്ടോളം പഴക്കമുള്ള വില്ലേജ് ഓഫിസ് കെട്ടിടം, പിറകുവശത്തുള്ള കാലപ്പഴക്കമേറിയ ഇറിഗേഷൻ കെട്ടിടം, തെക്കുഭാഗത്തെ ചുറ്റുമതിൽ എന്നിവ പൊളിക്കാൻ രണ്ട് ലേലങ്ങളാണ് നടന്നത്. ഇതിൽ വില്ലേജ് ഓഫിസ് കെട്ടിട ലേല നടപടി മാത്രമാണ് പൂർത്തിയായത്. മറ്റുള്ളവയുടെ ലേലം മറ്റൊരു ദിവസം നടക്കും. അതേ സമയം വില്ലേജ് ഓഫിസ് എങ്ങോട്ട് മാറ്റുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
നേരത്തെ ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം പ്രവർത്തിച്ചിരുന്ന ഓഫിസിലേക്ക് മാറ്റാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ ഈ സ്ഥലം കോടതി കെട്ടിടത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ ചന്തപ്പടിയിലെ പി.ഡബ്യു.ഡി വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും കിലോമീറ്ററുകൾ ദൂരെ വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നതിൽ പ്രായോഗിക തടസവുമുണ്ട്. പൊന്നാനി മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ തെക്ക് ഭാഗത്തായാണ് അനക്സ് കെട്ടിടം നിർമിക്കാൻ ധാരണയായത്.
വില്ലേജ് ഓഫിസ് പൊളിച്ചുമാറ്റി ഈ സ്ഥലം കൂടി ഏറ്റെടുത്ത് മൂന്ന് നില കെട്ടിടം നിർമിക്കാനാണ് തീരുമാനം. പന്ത്രണ്ടോളം ഓഫിസുകൾ പ്രവർത്തിക്കാൻ കഴിയുന്ന രൂപത്തിലായിരിക്കും കെട്ടിടം നിർമിക്കുക.
പൊന്നാനി കോടതി കെട്ടിടം ശോചനീയമായതിനാൽ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാകും. കൂടാതെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്ട്രഷറി, കോടതി കെട്ടിടത്തിലെ ലീഗൽ മെട്രോളജി ഓഫിസ്, നഗരസഭ കാര്യാലയത്തിലേക്ക് മാറിയ ഐ.സി.ഡി.എസ് ഓഫിസ്, താലൂക്ക് ഓഫിസിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫിസ് എന്നിവയെല്ലാം അനക്സ് കെട്ടിടത്തിലേക്ക് മാറ്റാനാകും.