വണ്ടൂർ : തെരുവ് നായ്ക്കൾക്കെതിരെ നാടെങ്ങും പ്രതിഷേധം തുടരുമ്പോഴും കാണാതായ ഒരാഴ്ച പ്രായമുള്ള നായ്ക്കുട്ടിക്കായി നാട്ടുകാർ നടത്തിയത് ഒരു പകൽ നീണ്ട തെരച്ചിൽ. ഒടുവിൽ അഴുക്കുചാലിലെ സ്ലാബിനുള്ളിൽ കുടുങ്ങിയ നിലയിൽ തെരുവ് നായ്ക്കുട്ടിയെ കണ്ടെത്തി. തുടർന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാട്ടുകാരനായ സാഗർ ചെറിയാപ്പുവിന്റെ നേതൃത്വത്തിലുള്ള സംഘം നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയത്.
വണ്ടൂർ സാഗർ ഹോട്ടലിന് എതിർവശത്തെ അഴുക്കുചാലിന്റെ സ്ലാബിനുള്ളിൽ കുടുങ്ങിയ നായ്ക്കുട്ടിയെയാണ് നാട്ടുകാരുടെ സമയോചിത പ്രവർത്തനത്തിലൂടെ പുറത്തെടുത്തത്. മാസങ്ങൾക്ക് മുമ്പ് സ്ഥലത്തെത്തിയ ഉപദ്രവകാരിയല്ലാത്ത തെരുവ് നായ്ക്കും കുട്ടിക്കും സാഗർ ചെറിയാപ്പുവിന്റെ നേതൃത്വത്തിൽ ഭക്ഷണം നൽകി വരികയായിരുന്നു.
ചൊവ്വാഴ്ച രാത്രി പത്തര വരെ കണ്ടിരുന്ന നായ്ക്കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഇതോടെ നാട്ടുകാരും ഹോട്ടൽ തൊഴിലാളികളും തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിൽ പക്ഷേ ഫലം കണ്ടില്ല. എന്നാൽ, രാവിലെ മുതൽ അമ്മപ്പട്ടി ഹോട്ടലിന്റെ എതിർ വശത്തുള്ള അഴുക്കുചാലിന്റെ സ്ലാബ് പരസരത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് നാട്ടുകാർക്ക് കാര്യം മനസ്സിലായത്. തുടർന്ന് ഹോട്ടൽ ഉടമ സാഗർ ചെറിയാപ്പുവിന്റെ നേതൃത്വത്തിൽ നാട്ടുകാരും വണ്ടൂർ ട്രോമകെയർ അംഗങ്ങളും ഒരു മണിക്കൂർ പരിശ്രമിച്ചാണ് നായ്ക്കുട്ടിയെ രാത്രി 10 മണിയോടെ പുറത്തെടുത്തത്.
വണ്ടൂർ പൊലീസ്, പി.ഡബ്ല്യു.ഡി അധികൃതർ, വെറ്ററിനറി സർജൻ മുതലായവരുടെ അനുമതിയോടു കൂടിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കമ്പിപ്പാര ഉപയോഗിച്ച് സ്ലാബിന് മുകളിലെ ടൈലുകളെല്ലാം അടർത്തിമാറ്റിയാണ് പുറത്തെടുത്തത്. മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. അജിത്ത്, ട്രോമാകെയർ വണ്ടൂർ യൂനിറ്റ് സെക്രട്ടറി എം. അസൈൻ കോയ, മുഹസിൻ നാലകത്ത്, നൗഷാദ് കരുവാടൻ, ടി.എം. ഗംഗാദരൻ, ഇ.ടി. റിയാസ്, പി.പി. ഫൈസൽ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.